കാലിഫോർണിയ: ശാസ്‌ത്രത്തിലും സാങ്കേതികവിദ്യയിലും ടെസ്‌ല സി.ഇ.ഒയും ലോകത്തെ ഏറ്റവും സമ്പന്നനുമായ എലോൺ മസ്‌കിന്റെ താത്പര്യവും പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. ബഹിരാകാശ ദൗത്യം, ഡ്രൈവർരഹിത കാറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിങ്ങനെ മസ്‌ക് കൈവയ്ക്കാത്ത മേഖലകളില്ല.
ഇപ്പോഴിതാ, കാലാവസ്ഥാവ്യതിയാനത്തിന് മുഖ്യകാരണമായ കാർബൺ വികിരണം തടയുന്ന ഏറ്റവും മികച്ച കാർബൺ കാപ്‌ചർ ടെക്‌നോളജിക്ക് 10 കോടി ഡോളർ (720 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്. പുതിയ സംരംഭത്തിലേക്ക് കടക്കാനുള്ള മസ്‌കിന്റെ ഒരുക്കത്തിന്റെ ഭാഗമാണിതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ അടുത്തവാരം അറിയിക്കാമെന്ന് മസ്‌ക് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.