ചെന്നൈ: തമിഴ്‌നാട് മസിനഗുഡിയിൽ റിസോർട്ടിന് മുന്നിലെത്തിയ കാട്ടാനയെ തീ കൊളുത്തിയതിന് കാരണം വസ്തുവകകൾ നശിപ്പിച്ചതിലുള്ള പ്രതികാരമെന്ന് പ്രതികൾ. റിസോർട്ടിലെ ജീവനക്കാരന്റെ കാർ മുമ്പ് ആന നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ റിസോർട്ടിനടുത്തും നാശം വരുത്തിയിരുന്നു. ഇതാണ് പ്രതികാരത്തിന് കാരണമെന്ന് പ്രതികൾ പറഞ്ഞു.
അറസ്റ്റിലായ റിസോർട്ട് നടത്തിപ്പുകാരായ റെയ്മണ്ട ഡീൻ, പ്രശാന്ത് എന്നിവരെ റിമാൻഡ് ചെയ്തു. റിക്കി റയാൻ എന്നയാൾ ഒളിവിലാണ്. അന്വേഷണ സംഘം ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ആനയുടെ ശരീരത്തിൽ നേരത്തെ ഉണ്ടായിരുന്ന മറ്റു മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചും വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
നവംബറിലാണ് ആനയ്ക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പ്രതികളെ പിടികൂടിയത്. തല ഭാഗത്ത് മാരക വ്രണവുമായി രക്തവും പഴുപ്പും ഒലിക്കുന്ന നിലയിൽ അഞ്ചു ദിവസം മുമ്പാണ് മസിനഗുഡി- സിങ്കാര റോഡിൽ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്.ചെവിക്ക് ചുറ്റും ചീഞ്ഞളിഞ്ഞിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ആനയ്ക്ക് ഭക്ഷണത്തിൽ മരുന്നു വച്ചു നല്‍കിയെങ്കിലും സുഖപ്പെട്ടില്ല. തുടർന്ന് മയക്കുവെടിവച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ചരിഞ്ഞത്. കാട്ടാനയ്ക്ക് മാരകമായി പൊള്ളലേറ്റെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.