ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന ചിത്രത്തിനെതിരെ പരോക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. വീടിനകത്ത് തളച്ചിടപ്പെടുന്ന ഒരു സ്ത്രീയുടെ കഥയാണ് ഈ സിനിമ പറഞ്ഞത്. ദൈവത്തിനോ വ്യക്തികൾക്കോ നന്ദി പറഞ്ഞാണ് സാധാരണയായി സിനിമകൾ ആരംഭിക്കുന്നത്. എന്നാൽ ശാസ്ത്രത്തിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ഈ സിനിമ തുടങ്ങിയത്. ഇതിനെയാണ് ഹരീഷ് പേരടി വിമർശിച്ചിരിക്കുന്നത്.
ഫേസ്ബുക്ക്കുറിപ്പിലൂടെയാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ലെന്നും, ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറുമെന്നും, അതിനാൽ ശാസ്ത്രത്തെ വെറുതെ വിടണമെന്നുമാണ് നടൻ കുറിപ്പിൽ പറയുന്നു.
'സിനിമ ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. താങ്ക് ഗോഡ് എന്ന് പറയുവാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആ വാചകം പറയുന്നത് നിർത്താൻ തുടങ്ങിയപ്പോഴാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത്. അതിനു വേണ്ടി വലിയ പഠനങ്ങളോ, ചിന്തകളോ ഒന്നും നടത്തിയിരുന്നില്ല. കോമൺ സെൻസ് ഉപയോഗിക്കുന്നവർക്കെല്ലാം ഇത് വ്യക്തമായിത്തന്നെ ബോധ്യപ്പെടും'- എന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല...ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറും...അതുകൊണ്ട് ശാസ്ത്രത്തെ വെറുതെ വിടുക...ശാസ്ത്രത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് ...ജനിക്കാനിരിക്കുന്ന കുട്ടികൾ മതം ഏത്? എന്ന ചോദ്യത്തിന്റെ കോളത്തിൽ ശാസ്ത്രം എന്നെഴുതിയാൽ ശാസ്ത്രം ശാസ്ത്രമല്ലാതാവും...നിങ്ങൾക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കിൽ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയിൽ എത്തിച്ച നിങ്ങളെ നിങ്ങളാവാൻ സഹായിച്ച ബീജത്തിനും ഗർഭപാത്രത്തിനും നന്ദി പറയുക...അപ്പോൾ ശാസ്ത്രത്തിനുപോലും നിങ്ങളോട് ഒരു ബഹുമാനം തോന്നും...അല്ലെങ്കിൽ നമ്മളുണ്ടാക്കിയ ഭരണഘടനക്കും നിയമത്തിനും നന്ദി പറയുക...ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങൾ ഉണ്ടാക്കാതിരിക്കുക...