mani-c-kappan

കോട്ടയം: പാലായ്‌ക്ക് പകരം കുട്ടനാട് സീറ്റ് വച്ച് മാറി ഒത്തുതീർപ്പ് ഫോർമുല നടത്താനുളള സി പി എം നീക്കം തളളി മാണി സി കാപ്പൻ രംഗത്ത്. പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്‌ചക്കും താനില്ലെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. കുട്ടനാട്ടിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് കുട്ടനാടുമില്ല മുട്ടനാടും വേണ്ടയെന്നായിരുന്നു കാപ്പന്റെ മറുപടി.

പാലായിലാണ് താൻ മത്സരിച്ചത്, പാലായിൽ തന്നെ മത്സരിക്കും. താൻ മത്സരിച്ച് ജയിച്ച സീറ്റ് തനിക്ക് തരാമോ തരാമോയെന്ന് ചോദിച്ച് നടക്കേണ്ട കാര്യമില്ല. പാലാ തന്റെ സീറ്റാണ്. മൂന്ന് തവണ മത്സരിച്ച ശേഷം നാലാമത്തെ മത്സരത്തിലാണ് ജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത ഒരു സീറ്റ് തോറ്റ പാർട്ടിക്ക് കൊണ്ടുപോയി കൊടുക്കേണ്ട ഗതികേട് എൻ സി പിക്കില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

സീറ്റ് തരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് സീറ്റ് ചോദിച്ച് പോകാത്തതെന്നും കാപ്പൻ വിശദീകരിച്ചു. കുട്ടനാട്ടിൽ മത്സരിക്കുമോയെന്ന തുടർ ചോദ്യങ്ങൾക്ക് 'എന്തിന് കുട്ടനാട്, എനിക്ക് നീന്താൻ പോലും അറിയില്ല' എന്നായിരുന്നു കാപ്പന്റെ പ്രതികരണം. നാളെ ശരദ്പവാറുമായി മുംബയിൽ കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് മാണി സി കാപ്പൻ ഇന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.