തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചാൽ നടപ്പാവുന്നത് കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ ലക്ഷ്യമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എ ഐ സി സി നിരീക്ഷകനായി കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തനം ഏകോപിപ്പിക്കാനെത്തിയ അദ്ദേഹം ഇന്ദിരഭവനിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറും. യു ഡി എഫും എൽ ഡി എഫും മാറി മാറി വരുന്നു. നമ്മുടെ പോരാട്ടം ബി ജെ പിക്കെതിരെയാണ്. ബംഗാളിൽ സി പി എമ്മുമായി കോൺഗ്രസ് സഹകരിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് മോദിയുടെ ലക്ഷ്യം. കേരളത്തിൽ എൽ ഡി എഫിനെ ജയിപ്പിച്ചാലും മോദിയുടെ ആ ലക്ഷ്യമാണ് നടക്കുന്നതെന്ന് ഗഹ്‌ലോട്ട് ഓർമ്മിപ്പിച്ചു.
കേരളത്തിനൊപ്പം അസാം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെയെല്ലാം തിരിച്ചു വരാനുളള ശ്രമത്തിലാണ് കോൺഗ്രസ്. കോൺഗ്രസിന് അകത്ത് തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോൺഗ്രസിന്റേയും യു ഡി എഫിന്റേയും തിരിച്ചു വരവിന് തടയിടാൻ ശ്രമിക്കുകയാണ് ചിലരെന്നും ഗഹ്‌ലോട്ട് പറഞ്ഞു.
രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും കോൺഗ്രസുണ്ട്. ഏത് ഗ്രാമത്തിലും കോൺഗ്രസുണ്ട്. രാജ്യത്തെ ഒന്നിച്ചു നിർത്തുന്ന മഹാശക്തിയാണ് കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. നമ്മുക്കെതിരെ സി പി എമ്മും ബി ജെ പിയും ശക്തമായ പ്രചാരണം നടത്തുകയാണ്. അതിനെയെല്ലാം മറികടന്ന് കോൺഗ്രസിന്റെ വികസന സന്ദേശം നമുക്ക് കേരളത്തിലെ എല്ലാവീടുകളിലും എത്തിക്കാൻ സാധിക്കണം. രാഹുൽ ഗാന്ധി നിങ്ങളുടെ പാർലമെന്റ് അംഗമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഉത്തരവാദിത്തം വർദ്ധിച്ചിരിക്കുകയാണെന്നും നേതാക്കളെ ഗഹ്‌ലോട്ട് ഓർമ്മിപ്പിച്ചു.