ഇടുക്കി: മാങ്കുളത്ത് കെണിവച്ച് പിടിച്ച പുള്ളിപ്പുലിയെ കൊന്ന് കറിവച്ച സംഭവത്തിൽ പ്രതികൾക്കെതിരെ നിർണായക വിവരങ്ങൾ പുറത്ത്. ഇതിനുമുമ്പും ഇവർ മൃഗങ്ങളെ വേട്ടയാടിയിരുന്നതായും, മുള്ളൻപന്നിയെ കൊന്ന് കറിവച്ച് കഴിച്ചതായും അന്വേഷണസംഘം കണ്ടെത്തി.
വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മുനിപാറ സ്വദേശികളായ പികെ വിനോദ്, വി പി കുര്യാക്കോസ്, സി എസ് ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെ മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കോടതിയിലാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് വിനോദിന്റെ നേതൃത്വത്തിൽ ആറുവയസു വരുന്ന പുലിയെ പിടിച്ചത്. തുടർന്ന് തോലുരിച്ച് പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിയാക്കി. പുലിയുടെ തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റിവച്ചിരുന്നു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.