salina-thurda

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് റൊമേനിയയിലെ സലിന തുർദ ഒരു ഉപ്പുഖനിയായിരുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ഇവിടെയുള്ള വിശാലമായ ഗുഹകൾ ബോംബ് ഷെൽട്ടറുകളായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ,​ ഈ പ്രദേശം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിലാണ്. ഭൂമിക്കടിയിൽ നൂറു മീറ്റർ ആഴത്തിൽ നിർമിച്ച മാജിക് തീം പാർക്കാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

1992 മുതൽ സലീന തുർദ ഒരു ഹലോതെറാപ്പി കേന്ദ്രമായിരുന്നു. 2008ൽ ആറു ദശലക്ഷം യൂറോ ചെലവഴിച്ചാണ് ഇവിടം ഒരു തീം പാർക്കാക്കി മാറ്റിയത്. 2010ൽ പൂർത്തിയായ ഈ പാർക്കിൽ വർഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. തികച്ചും വ്യത്യസ്തവും കൗതുകകരവുമായ ഒരു അനുഭവമായിരിക്കും ഭൂമിക്കടിയിലെ തീം പാർക്കിലേക്കുള്ള യാത്ര എന്ന കാര്യത്തിൽ സംശയം വേണ്ട.

ഇടുങ്ങിയ തുരങ്കങ്ങൾക്കിടയിലൂടെ വേണം ഈ തീം പാർക്കിൽ പ്രവേശിക്കാൻ. ഇവിടെ നിന്ന് സഞ്ചാരികൾക്ക് ഒന്നുകിൽ തുരങ്കത്തിലൂടെ നടക്കാം, അല്ലെങ്കിൽ ഗ്ലാസ് എലിവേറ്ററിൽ താഴെയുള്ള പ്രധാന ഫ്‌ളോറിലേക്കെത്താം.

സന്ദർശകരെ മുകളിലേക്കും താഴെയുള്ള പാർക്കിലേക്കും കൊണ്ടുപോകാനായി ഒരു എലിവേറ്റർ മാത്രമേ ഇവിടെയുള്ളൂ.

ഒരു മിനി ഗോൾഫ് കോഴ്സ്, ബില്യാർഡ് ടേബിളുകൾ, പിംഗ് പോംഗ് ടേബിളുകൾ, ഒരു ഹാൻഡ്‌ബോൾ കോർട്ട് എന്നിവ പാർക്കിനുള്ളിലുണ്ട്. എന്നാൽ 20 മീറ്റർ ഉയരമുള്ള ഫെറിസ് വീലാണ് ഇവിടത്തെ ജനപ്രിയ റൈഡ്. ഭൂമിയിൽ നിന്ന് 120 മീറ്റർ താഴെയുള്ള മറ്റൊരു ഗുഹയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനായി മറ്റൊരു എലിവേറ്റർ കൂടിയുണ്ടിവിടെ. ഇതിന്റെ മദ്ധ്യഭാഗത്തായി അതിമനോഹരമായ ഒരു ഭൂഗർഭ തടാകം കാണാൻ കഴിയും. സഞ്ചാരികൾക്ക് പാഡിൽ ബോട്ട് വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യാനുള്ള അവസരവും ഇവിടെയുണ്ട്. കൂടാതെ ഗിസേല മൈൻ, റുഡോൾഫ് മൈൻ, ടെരേഷ്യ മൈൻ, ലോസിഫ് മൈൻ തുടങ്ങിയ ഖനികൾ ഇവിടത്തെ മുഖ്യാകർഷണങ്ങളാണ്. മനോഹരമായ ലൈറ്റിംഗ് സംവിധാനം ഖനിക്കുള്ളിലെ കാഴ്ചകൾ പതിന്മടങ്ങ് സുന്ദരമാക്കുന്നു.

സലീന തുർദയ്ക്കുള്ളിലുള്ള അന്തരീക്ഷസ്ഥിതിക്ക് ചില ആരോഗ്യഗുണങ്ങളുണ്ട്. ആസ്മ, പനി, വിട്ടുമാറാത്ത ചർമ്മ ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് ഇതിനുള്ളിലെ ഉപ്പു കലർന്ന വായു നല്ലതാണെന്ന് നിരവധിപ്പേർ വിശ്വസിക്കുന്നു. 1800കളിൽ ഫെലിക്സ് ബോസ്‌കോവ്സ്‌കി എന്ന പോളിഷ് ഡോക്ടർ നടത്തിയ ഗവേഷണത്തിൽ ഉപ്പ് ഖനിത്തൊഴിലാളികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വളരെ അപൂർവമായി മാത്രമേ അനുഭവപ്പെടുന്നുള്ളൂ എന്ന കാര്യം ശ്രദ്ധിച്ചത്. എന്നാൽ ഇതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന കാര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. റൊമാനിയക്കാരുടെ പതിവ് സന്ദർശന കേന്ദ്രമാണിത്.

ഏകദേശം നാൽപ്പതു മിനിറ്റോളം കാണാനുള്ള കാഴ്ചകൾ ഇതിനുള്ളിലുണ്ട്. അതേസമയം,​ ഖനിയിലേക്കുള്ള പ്രവേശനത്തിന് മുതിർന്നവർക്ക് ഏകദേശം 728 രൂപയും കുട്ടികൾക്ക് 364 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പാർക്കിനകത്തെ ഒരോ ആക്റ്റിവിറ്റികൾക്കും പ്രത്യേകം ചാർജ് നൽകണം. ഫെറിസ് വീൽ യാത്രക്ക് 91 രൂപ, പാഡിൽ ബോട്ട് വാടകയ്‌ക്കെടുക്കാൻ 364 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഖനിക്കു പുറത്ത് രുചികരമായ റൊമേനിയൻ ഭക്ഷണം വിൽക്കുന്ന നിരവധി ഫുഡ് ട്രക്കുകളും,​ കൗതുക വസ്തുക്കൾ വിൽക്കുന്ന സുവനീർ സ്റ്റാളുകളുമുണ്ട്.