farmer

തിരുവനന്തപുരം: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ കർഷകർ ആത്മഹത്യകൾ വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 കർഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2014ൽ കടബാദ്ധ്യത കാരണം അഞ്ചു പേരും 2015ൽ ഒരാളുമാണ് ആത്മഹത്യ ചെയ്തത്.

ഇടുക്കി - 11,​ വയനാട് -10,​ കണ്ണൂർ- 2,​ കാസർകോട്,​ എറണാകുളം എന്നീ ജില്ലകളിൽ ഓരോരുത്തരുമാണ് ​ കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഇക്കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭയെ അറിയിച്ചിരുന്നു.

ഈ ആത്മഹത്യകളിൽ 12 എണ്ണവും നടന്നത് 2019ലാണ്. 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിന് പിന്നാലെ ആയിരുന്നു ഇത്. 2018-19ൽ ഉണ്ടായ മഹാപ്രളയത്തിൽ ക‌ൃഷി നശിച്ചതും ബാങ്കുകളിൽ നിന്നെടുത്ത വായ്‌പകൾ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നുണ്ടായ ജപ്തിഭീഷണിയുമാണ് ആത്മഹത്യകൾക്ക് പിന്നിലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

1995 മുതൽ 2020 വരെയുള്ള കാൽ നൂറ്റാണ്ടിൽ കേരളത്തിൽ ജീവനൊടുക്കിയത് 26,​876 പേരാണ്. എന്നാൽ,​ കാലത്തെ ആത്മഹത്യയുടെ കണക്കെടുക്കുമ്പോൾ കേരളത്തിൽ ജീവനൊടുക്കിയ കർഷകർ കാൽലക്ഷം കവിയും. കേന്ദ്രസർക്കാരിന്റെ കാർഷിക ഉപദേശകൻ പി.സി. ബോധ് രചിച്ച 'ഫാർമേഴ്സ് സൂയിസൈഡ് ഇൻ ഇന്ത്യ; എ പോളിസി മലിഗ്നൻസി' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.

2015 മുതൽ നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം പുറത്തുവിടുന്നില്ല. ഈ സാഹചര്യത്തിൽ കാർഷിക പ്രതിസന്ധിയും 2015 വരെ ജീവനൊടുക്കിയവരുടെ ശരാശരി കണക്കും താരതമ്യം ചെയ്താണ് 2020 വരെയുള്ള ആത്മഹത്യനിരക്ക് കണക്കാക്കിയിരിക്കുന്നത്.

 പഠനങ്ങൾ നടക്കുന്നില്ല

കാർഷിക മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് സമഗ്രമായ പഠനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. 2013ൽ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന നടത്തിയ പഠനത്തിൽ കാർഷികവൃത്തി ജീവിതമാർഗമായി സ്വീകരിച്ച കേരളത്തിലെ 78 ശതമാനം പേരും കടത്തിലാണ്. ഇവർ അടച്ചുതീർക്കേണ്ട ശരാശരി വായ്‌പ 2.13 ലക്ഷമാണ്. ഇതിൽ 20 ശതമാനവും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിൽ നിന്നുള്ള കടങ്ങളാണ്. കേരളത്തിലെ കർഷക ആത്മഹത്യകളെക്കുറിച്ച് ഏറ്റവും ഒടുവിൽ നടന്ന സമഗ്രമായ പഠനവും ഇതാണ്.