allergy

ചിലതരം ഭക്ഷണങ്ങൾ കാരണമോ, മരുന്ന് കാരണമോ, അലർജിയുണ്ടാക്കുന്ന മറ്റു വസ്തുക്കൾ കാരണമോ ശരീരത്തിലെവിടെയെങ്കിലും ചൊറിഞ്ഞും ചുവന്നും തടിക്കുന്നതിനെ അർട്ടിക്കേറിയ എന്നാണ് പറയുന്നത്. അതിന് ശീതപിത്തം,ഉദർദ്ദം എന്നിങ്ങനെയും ആയുർവേദത്തിൽ പേരുകളുണ്ട്.

കാരണം കണ്ടുപിടിച്ച് ചികിൽസിക്കുക, ചൊറിച്ചിലിനെതിരെ പ്രവർത്തിക്കുന്ന ലേപങ്ങൾ പുരട്ടുക, കറ്റാർവാഴയുടെ നീര് പുരട്ടുക എന്നിവയിലൂടെ രോഗതീവ്രത കുറയ്ക്കാം.

എല്ലാ ചൊറിഞ്ഞു തടിപ്പുകൾക്കും കാരണം അലർജിയാണെന്ന് പറയാനാകില്ല. ഇത്തരത്തിലുണ്ടാകുന്ന തടിപ്പുകൾ കുറച്ച് നിമിഷങ്ങളോ, ചിലപ്പോൾ മണിക്കൂറുകളോ, ആഴ്ചകളോ, മാസങ്ങളോ വരെ നീണ്ടുനിൽക്കാം. എന്നാൽ അധികം പേരിലും ഒരു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കാറില്ല.

പാൽക്കട്ടി, തൈര്, യോഗർട്ട്, സ്ട്രോബറി, ചെറി, തക്കാളി, ചായ, കോഫി, മദ്യം,ഉണക്കിയ പഴങ്ങൾ, അവക്കാഡോ, പുളിപ്പിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ദീർഘനാൾ സൂക്ഷിച്ചു വച്ചിരിക്കുന്ന മാംസം, പുളിയുള്ള പഴങ്ങൾ, ചൂര, അയല, കൊഞ്ച്, ഞണ്ട്, ചിപ്പി, നട്സ്, മുട്ട,കൃത്രിമ ഭക്ഷ്യവസ്തുക്കൾ, ആസ്പിരിൻ, മറ്റുചില വേദനസംഹാരികൾ എന്നിവ രോഗത്തെ ഉണ്ടാക്കുന്നതും വർദ്ധിപ്പിക്കുന്നതുമാണ്. സസ്യാഹാരം, ഫ്രഷായ മാംസം, നെയ്യ്, മോര്,മത്തി തുടങ്ങിയവ രോഗത്തെ കുറയ്ക്കുന്നതുമാണ്.

രോഗമാരംഭത്തിൽ തന്നെ ഭ്രാന്ത് പിടിച്ച പോലെ ചൊറിയുന്നവരുണ്ട്. രോഗ വർദ്ധനയ്ക്ക് ഈ ഒരൊറ്റ കാരണം മതിയാകും. പരമാവധി ചൊറിയാതിരുന്നാൽ തന്നെ കുറേ സമാധാനമുണ്ടാകുമെന്നതാണ് യാഥാർത്ഥ്യം.

ചില പ്രാണികളുടെ കടി ഏൽക്കുന്നത് കൊണ്ടും അർട്ടിക്കേറിയ ഉണ്ടാകാം. ഏറ്റവും കൂടുതൽ ആൾക്കാരിൽ രോഗത്തെ ഉണ്ടാക്കുന്നത് ചോക്ലേറ്റ്, നട്സ്, മത്സ്യം, തക്കാളി, മുട്ട, ഫ്രഷ് ആയ സ്ട്രോബറി, പാൽ എന്നിവയാണ്.

ചിലപ്പോൾ കുട്ടികളിൽ കാണുന്ന ഇത്തരം തിണർപ്പുകൾ ജലദോഷം, ടോൺസിലൈറ്റിസ്, മൂത്രത്തിലെ അണുബാധ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ കാരണമാകാം.

തൈറോയ്ഡ് രോഗത്തിന്റെ പ്രാരംഭഘട്ടത്തിലും ഇപ്രകാരം ചിലരിൽ കാണാറുണ്ട്. എല്ലാ ചൊറിച്ചിലുകളും ഇത്തരം തിണർപ്പുകളും രാത്രിയിൽ അധികമാകുന്നത് സാധാരണമാണ്. നേരത്തെതന്നെയുള്ള ത്വക്ക് രോഗങ്ങൾ, സോറിയാസിസ്,വട്ടച്ചൊറി, പേൻ, മൂട്ട, കൃമിരോഗങ്ങൾ എന്നിവ കൂടിയുണ്ടെങ്കിൽ രോഗവർദ്ധനവിന് അതും കാരണമായേക്കാം.

മരുന്നുകൾക്കൊപ്പം ജീവിതശൈലിയിലെ മാറ്റങ്ങളും കാരണങ്ങളെ ഒഴിവാക്കുകയും കൂടി ചെയ്താൽ മാത്രമേ രോഗനിയന്ത്രണം സാദ്ധ്യമാകൂ. പലപ്പോഴും അടിയന്തര ചികിത്സകളും തുടർചികിത്സയും വേണ്ടി വരും.

തിണർപ്പും ചൊറിച്ചിലും കൂടുതലുള്ള അർട്ടിക്കേറിയയിൽ ചെയ്യുന്ന ആയുർവേദ ചികിത്സയും,​ ചുവപ്പും വേദനയും കൂടുതലുള്ളതിൽ ചെയ്യുന്ന ചികിത്സയും വ്യത്യസ്തമാണ്. പുറമേ പുരട്ടുന്ന മരുന്നുകൾ കൊണ്ട് മാത്രം ഇവ ശമിക്കണമെന്നില്ല.തിണർപ്പുകളുടെ തീവ്രത നോക്കിയുള്ള ഇടപെടലിന് ചികിത്സയിൽ പ്രാധാന്യമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസിലാക്കാൻ രോഗിക്ക് എളുപ്പമാണ്. അത്തരം കാരണങ്ങൾ ഒഴിവാക്കാനും നിവൃത്തിയില്ലാത്തപ്പോൾ മാത്രം പരമാവധി കുറച്ച് ഉപയോഗിക്കാനും ശ്രദ്ധിക്കുന്നതിലൂടെ രോഗം മാരകമായേക്കാവുന്ന അവസ്ഥയിൽനിന്ന് രക്ഷനേടാം.