
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിവിധ സീസണുകളിൽ നിന്നായി 100 കോടി രൂപ പ്രതിഫലമായി നേടിയ ആദ്യ വിദേശതാരം എന്ന റെക്കാഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എ.ബി.ഡിവില്ലിയേഴ്‌സ്. 2021 സീസണില്‍ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഡിവില്ലിയേഴ്‌സിനെ 11 കോടി മുടക്കി നിലനിറുത്തിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യൻ താരങ്ങളായ വിരാട് കൊഹ്‌ലി, രോഹിത് ശർമ, മഹേന്ദ്രസിംഗ് ധോണി, സുരേഷ് റെയ്‌ന എന്നിവർ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ 11 കോടി രൂപ ലഭിക്കുന്നതോടെ താരത്തിന്റെ ആകെ ഐ.പി.എൽ സമ്പാദ്യം 102.5 കോടി രൂപയാകും.
2018 മേയ് മാസത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഡിവില്ലിയേഴ്‌സ് ഐ.പി.എൽ ഉൾപ്പടെയുള്ള ട്വന്റി-20 ലീഗുകളിൽ സജീവമാണ്. അവസാന സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി 454 റൺസാണ് താരം നേടിയത്. ഐ.പി.എല്ലിൽ ഇതുവരെ 169 മത്സരങ്ങളിൽ നിന്ന് 4849 റൺസ് നേടിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ ആദ്യം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന മിസ്റ്റര്‍ 360 2011-ലാണ് ബാംഗ്ലൂരിലെത്തുന്നത്.