തിരുവനന്തപുരം: ഇനിമുതൽ നഗരവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായി പണം കൈയിൽ കരുതേണ്ടതില്ല. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരവാസികൾക്കായി നഗരസഭ കൊണ്ടുവരുന്ന വിവിധോദ്ദേശ്യ സ്മാർട്ട് കാർഡായ മൈ സ്‌മാർട്ട് ടി.വി.എം കാർഡുകളുടെ സഹായത്താൽ സാധനങ്ങൾ വാങ്ങാനാകും. തിരുവനന്തപുരം നഗരസഭ ഏഴ് കോടിരൂപ മുടക്കി നിർമിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് കാർഡും നഗരസഭ പുറത്തിറക്കുന്നത്. എന്തിനും ഏതിനും കീശയിൽ പണം കൊണ്ടുനടക്കുന്നതിന് പകരം ഇനിമുതൽ സുരക്ഷാചിപ്പുകളോട് കൂടിയ ഈ കാർഡ് ഉപയോഗിക്കാം. ഇ ഓട്ടോറിക്ഷകൾക്ക് പണം നൽകുന്നതിനോ, വെള്ളക്കരം, മോട്ടോർ വാഹന വകുപ്പ്, പൊലീസ് വകുപ്പ് എന്നിവയിലെല്ലാം തുകകൾ ഒടുക്കുന്നതിനും ഈ കാർഡ് ഉപയോഗിക്കാം. മാത്രമല്ല, പാർക്കിംഗ് ഫീസ് നൽകാനും കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമെല്ലാം ഈ സ്മാർട്ട് കാർഡ് ധാരാളം മതിയാകും.
എ.ടി.എം കാർഡുപോലെ സുരക്ഷാ മാനദണ്ഡങ്ങൾക്കായി പ്രത്യേക ചിപ്പോട് കൂടിയ കാർഡാകും ഏർപ്പെടുത്തുക. ബാങ്ക് എ.ടി.എം കാർഡ് വഴി ഇടപാടുകൾ നടത്തുന്നതിന് സമാനമായി ഈ സ്മാർട്ട് കാർഡും ഉപയോഗിക്കാം. ആവശ്യാനുസരണം പണം അക്കൗണ്ടിൽ ഉണ്ടാകണമെന്ന് മാത്രം. മുൻകൂർ പണം നിറച്ച് ഉപയോഗിക്കുന്ന വിധത്തിലോ തിരിച്ചറിയൽ രേഖയായ ആധാർ കാർഡുവഴി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ആകും സ്മാർട്ട് കാർഡ് ഇടപാടുകൾ നടക്കുക. നഗരസഭയിൽ നിന്നാവശ്യമായ റസിഡന്റ്സ് സർട്ടിഫിക്കറ്റ്, ബിൽഡിംഗ് പെർമിറ്റ്, ധനസഹായങ്ങൾ, പെൻഷൻപദ്ധതി, സബ്സിഡികൾ, മാലിന്യസംസ്‌കരണം എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങൾക്കും കാർഡ് ഉപയോഗിക്കാം. നഗരസഭയുടെ മൊബൈൽ ആപ്പായ സ്മാർട്ട് ട്രിവാൻഡ്രമായി കാർഡിനെ ബന്ധിപ്പിക്കുകയും ചെയ്യാം. നഗരസഭയിലെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കി നേരത്തെ തിരുവനന്തപുരം നഗരസഭ മാതൃകയായിരുന്നു.
ടോപ്പ് അപ്പ് പോയിന്റ്സ്
കാർഡ് ടോപ്പ് അപ്പ് ചെയ്യുന്നതിനായി നഗരത്തിലെ 25 സ്ഥലങ്ങളിൽ ക്യാഷ് ഡിസ്പെൻസ് പോയിന്റുകൾ സ്ഥാപിക്കും. ഓൺലൈൻ, മൊബൈൽ, ക്യൂ ആർ കോഡ് സ്കാൻ വഴിയും കാർഡ് ടോപ്പ് അപ്പ് ചെയ്യാം. പാർക്കിംഗ് കേന്ദ്രങ്ങൾക്ക് സമീപവും ടോപ്പ് അപ്പ് കേന്ദ്രങ്ങൾ ഉണ്ടാകും.
കാർഡ് സേവനങ്ങൾ
സാധനങ്ങൾ വാങ്ങാം
സിനിമ കാണാം
ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം
ഭക്ഷണ ബില്ലുകൾ നൽകാം
ബസ്, ട്രെയിൻ യാത്രകൾക്ക് ഉപയോഗിക്കാം
വിവിധ ഫീസുകളും നികുതികളും ഒടുക്കാം