mahindra-thar

ന്യൂഡൽഹി : ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ച ആറ് ഇന്ത്യൻ യുവ താരങ്ങൾക്കും ആൾ ന്യൂ താർ എസ്.യു.വി സമ്മാനിക്കുമെന്ന് വാഹനനിർമ്മാതക്കളായ മഹീന്ദ്ര ഗ്രൂപ്പിന്റെ സി.ഇ.ഒ ആനന്ദ് മഹീന്ദ്ര അറിയിച്ചു. ശുഭ്മാൻ ഗിൽ,മുഹമ്മദ് സിറാജ്,ടി.നടരാജൻ,വാഷിംഗ്ടൺ സുന്ദർ,നവ്ദീപ് സെയ്നി,ശാർദ്ദൂൽ താക്കൂർ എന്നിവർക്കാണ് വാഹനം നൽകുന്നത്. ഇതിൽ ശാർദ്ദൂൽ ഒഴികെയുള്ളവരെല്ലാം ടെസ്റ്റിലെ അരങ്ങേറ്റക്കാരായിരുന്നു. 2018ൽ വിൻഡീസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ ശാർദ്ദൂലിന് 10 പന്തുകൾ എറിഞ്ഞപ്പോഴേക്കും പരിക്കേറ്റു മടങ്ങേണ്ടിവന്നത് പരിഗണിച്ച് അദ്ദേഹത്തെയും താൻ അരങ്ങേറ്റക്കാരനായാണ് കാണുന്നതെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. കമ്പനി അക്കൗണ്ടിൽ നിന്നല്ല തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നായിരിക്കും ഇവർക്ക് വാഹനങ്ങൾ നൽകുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം നാട്ടിലെത്തിയ ശേഷം സിറാജ് തന്റെ സ്വപ്നവാഹനമായ ബി.എം.ഡബ്ളിയു സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ സിറാജ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. ആസ്ട്രേലിയൻ പര്യടനത്തിന് സിറാജ് എത്തിയശേഷമാണ് പിതാവ് മരണപ്പെട്ടത്. ആട്ടോഡ്രൈവറായ പിതാവ് മകൻ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്നത് കാണാൻ വളരെയേറെ ആഗ്രഹിച്ചിരുന്നു. ആ വേദന കടിച്ചമർത്തിയാണ് താരം പര്യടനം പൂർത്തിയാക്കിയത്.ഇന്ത്യയിലെത്തിയശേഷം വീട്ടിൽ കയറുന്നതിന് മുമ്പേ പിതാവിന്റെ കബറി‌ടത്തിലേക്കാണ് സിറാജ് പോയത്.