ജനീവ: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനും തുടർച്ചയായി നൽകി വരുന്ന പിന്തുണയ്ക്കും ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചിരിക്കുന്നത്.
'കൊവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള തുടർച്ചയായ പിന്തുണയ്ക്ക് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി. ഒന്നിച്ചുനിന്ന് അറിവുകൾ പങ്കുവച്ചാൽ മാത്രമേ ഈ വൈറസിനെ നമുക്ക് തടയാനും ജീവിതവും ജീവനുകളും രക്ഷിക്കാനുമാകൂ - ടെഡ്രോസ് ട്വീറ്റ് ചെയ്തു.
ഇന്ത്യ വാക്സിൻ നിർമ്മിക്കുന്നുണ്ട്. കൂടാതെ, പല രാജ്യങ്ങളിലേയ്ക്കും വാക്സിൻ കയറ്റി അയക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഡബ്ലിയു.എച്ച്.ഒ മേധാവി ഇന്ത്യയ്ക്ക് നന്ദിയറിയിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡ് വാക്സിൻ എത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ബ്രസീൽ പ്രധാനമന്ത്രി ജെയർ ബൊൾസൊനാരോയും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് ദശലക്ഷം വാക്സിൻ ഇന്ത്യ ബ്രസീലിലേയ്ക്ക് കയറ്റി അയച്ചത്. ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്സിനാണ് ബ്രസീലിനു ലഭ്യമാക്കിയത്. ഹനുമാൻ മൃതസജ്ജീവനി കൊണ്ടുവരുന്ന ചിത്രം പങ്കുവച്ച്, പോർച്ചുഗീസ് ഭാഷയിലായിരുന്നു ട്വീറ്റ്. ഇന്ത്യയിൽ നിന്ന് ബ്രസീലിലേയ്ക്ക് വാക്സിൻ കയറ്റിയയച്ചതിനു നന്ദി. ഇന്ത്യയെപ്പോലൊരു മഹത്തായ രാജ്യത്തിന്റെ പിന്തുണ ഈ പ്രതിസന്ധി മറികടക്കാൻ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബൊൾസൊനാരോ കുറിച്ചു. നമസ്കാർ, ധന്യവാദ് തുടങ്ങിയ പദങ്ങളും ട്വീറ്റിൽ ഉപയോഗിച്ചിട്ടുണ്ട്.
അതേസമയം ബ്രസീലിനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനു പുറത്തേയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയതിന് പിന്നാലെയാണ് 20 ലക്ഷം ഡോസ് വാക്സിൻ ഇന്ത്യ ബ്രസീലിലേയ്ക്ക് കയറ്റിയയച്ചത്.