വാഷിംഗ്ടൺ: കാപ്പിറ്റോൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്തെത്തിയ റിയൽ എസ്റ്റേറ്റ് ബ്രോക്കർ നിയമനടപടികൾക്ക് പണം സമാഹരിക്കുന്നതിനായി സംഭാവന തേടുന്നു. ടെക്സാസിലെ ഫ്രിസ്കോ സ്വദേശിയായ ജന്ന റയാൻ എന്ന അമ്പതുകാരിയാണ് സംഭാവന തേടുന്നത്.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് മാപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് മാപ്പനുവദിച്ചവരുടെ പട്ടികയിൽ ജന്നയുടെ പേര് ഇല്ലായിരുന്നു.
നിയമവിരുദ്ധമായി കാപ്പിറ്റോളിൽ പ്രവേശിച്ചതിനാണ് ജന്ന നിയമനടപടി നേരിടുന്നത്. കാപ്പിറ്റോളിൽ ഇവർ കയറുന്നതിന്റെ വീഡിയോ ഫേസ്ബുക്കിൽ പ്രചരിച്ചതോടെ ജന്നക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
ജന്നയുടെ ബിസിനസ് പേജിലും ഇവർക്കെതിരെയുള്ള കമന്റുകൾ നിറഞ്ഞതോടെ റിയൽ എസ്റ്റേറ്റ് ലൈസൻസിംഗ് ഏജൻസി ജന്നയുടെ ബിസിനസ് ലൈസൻസ് റദ്ദാക്കി. കൂടാതെ, ജീവിതവിജയത്തെ കുറിച്ചുള്ള പുസ്തകങ്ങൾ രചിച്ചിരുന്ന താനുമായുള്ള കരാർ പ്രസാധകർ റദ്ദ് ചെയ്തെന്നും ജന്ന പറഞ്ഞു. തന്റെ കമ്പ്യൂട്ടറുകൾ, ഫോൺ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ തൊപ്പി എന്നിവ പിടിച്ചെടുത്തതായും ഇവർ ആരോപിച്ചു.
നിയമനടപടികൾക്കായി ധനസമാഹരണം നടത്താൻ സഹായിക്കുന്ന പേപാൽ (PayPal)വഴി 1000 ഡോളർ സമാഹരിച്ചതായി ജന്ന പറഞ്ഞു. എന്നാൽ നിയമസഹായത്തിനല്ലാതെയുള്ള ധനസമാഹരണമാണെന്ന് തെളിഞ്ഞാൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് പേപാൽ വക്താവ് കിം ഐക്കോൺ വ്യക്തമാക്കി.
കലാപമുണ്ടായ ദിവസം ട്രംപനുകൂലികൾക്കൊപ്പം നടന്ന് നീങ്ങുന്നത് ലൈവ് സ്ട്രീം ചെയ്ത ജന്ന 'അധ്വാനിക്കുന്ന ജനവിഭാഗ'മെന്ന് കലാപകാരികളെ വിശേഷിപ്പിക്കുകയും ചെയ്തു. കാപ്പിറ്റോളിനുള്ളിൽ നിന്ന് ഫോട്ടോകളെടുത്ത് ഇവർ സാമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.