വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുമ്പോൾ ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത് സുന്ദരിയായ ഒരു യുവതിയിലാണ്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭർത്താവായ ഡഗ്ലസ് എംഹോഫിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകളായ എല്ല എംഹോഫാണ് ക്ലാസിക് കോട്ടണിഞ്ഞ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്.ബെഡാസെൽഡ് മിയു മിയു കോട്ടാണ് 22കാരിയായ എല്ല ധരിച്ചിരുന്നത്.
ചെക്ക് പ്രിന്റുള്ള ഈ ജാക്കറ്റിൽ ഷോൾഡറിൽ ഗോൾഡൻ എംബ്രോയിഡറി വർക്കുകളും ചെയ്തിട്ടുണ്ട്. ബേത്ഷെവ ഹേ ഡിസൈൻ ചെയ്ത വലിയ വൈറ്റ് കോളറുള്ള ബർഗണ്ടി ഡ്രസ്സിനൊപ്പമാണ് കോട്ട് അണിഞ്ഞിരിക്കുന്നത്. എല്ലയെ വൈറ്റ് ഹൗസിലെ ഫാഷൻ ഐക്കണായി ട്വിറ്ററിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഹോളിവുഡ് താരങ്ങളടക്കം എല്ലയുടെ വസ്ത്രധാരണ രീതിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചടങ്ങിൽ കമലയേക്കാൾ തിളങ്ങിയത് എല്ലയാണെന്നാണ് ഫാഷൻ ലോകത്തെ സംസാരം.
പാർസൻസ് സ്കൂൾ ഒഫ് ഡിസൈൻസിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയാണ് എല്ല.
എന്തുകൊണ്ടാണ് സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രം ധരിക്കാതിരുന്നത് എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് എല്ല നൽകിയത്. 'എന്റെ സ്റ്റൈലും ഞാൻ ചെയ്യുന്ന ഫാഷനും കുറച്ചു വ്യത്യസ്തമാണ്. ഇത്രയും മഹത്തായ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അവിസ്മരണീയമായ ലുക്കിൽ എത്തണം എന്ന് നിർബന്ധമുണ്ടായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്വയം ഡിസൈൻ ചെയ്ത ധാരാളം വസ്ത്രങ്ങൾ എല്ല പങ്കുവയ്ക്കാറുണ്ട്.
ഡഗ്ലസ് എംഹോഫിന്റെയും ആദ്യ ഭാര്യ കെർസ്റ്റിന്റേയും മകളാണ് എല്ല. കമല ഹാരിസുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന എല്ലയും സഹോദരൻ കോളും അവരെ മോമല്ല എന്നാണ് സ്നേഹപൂർവം വിളിയ്ക്കുന്നത്