kasargod

കാസർകോട്: മകന്റെ ചികിത്സയ്‌ക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ മദ്ധ്യവയസ്‌കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശിയായ റഫീക്ക് (49) ആണ് മരിച്ചത്. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. യുവതിയോട് മോശമായി പെരുമാറിയ ഇയാളെ ആദ്യം യുവതി മർദ്ദിച്ചു. തുടർന്ന് ആളുകൾ വരുന്നത് കണ്ട് രക്ഷപ്പെട്ട് പുറത്തേക്കോടുന്നതിനിടെ സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരിൽ ചിലരും ഓടിച്ച് മർദ്ദിച്ചു. കാസർകോട് ബസ്‌ സ്‌റ്റാന്റ് പരിസരത്ത് കുഴഞ്ഞുവീണ റഫീക്കിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണമടഞ്ഞു.

എന്നാൽ ആൾക്കൂട്ട മർദ്ദനമാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അടിയേ‌റ്റ് വീണ ശേഷം വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു റഫീക്കെന്ന് പൊലീസ് പറയുന്നു.മദ്ധ്യ വയസ്‌കനായതിനാൽ ഓടുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും മരണകാരണമായേക്കാമെന്നും വിവരമുണ്ട്. റഫീക്കിന്റെ മൃതദേഹം ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിലാണുള‌ളത്. വൈകാതെ പോസ്‌റ്റുമോർട്ടം നടപടികൾക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ഇയാൾ അപമാനിക്കാൻ ശ്രമിച്ച യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.