ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് യുവാവ് മരിച്ചു. ഹംസ നവീദാണ് മരിച്ചത്. റെയിൽവേ ട്രാക്കിന്റെ പരിസരത്തു കൂടി നടക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം. ഷാ ഖാലിദ് എന്ന പ്രദേശത്ത് വെള്ളിയാഴ്ചയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
സുഹൃത്തിനൊപ്പം റെയിൽവേ പാളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിൻ ഹംസയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ടിക് ടോക്കിലും മറ്റു സമൂഹമാദ്ധ്യമങ്ങളിലും പോസ്റ്റ് ചെയ്യാനാണ് വീഡിയോ എടുത്തതെന്നാണ് സുഹൃത്തിന്റെ പ്രതികരണം.രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തിയെങ്കിലും യുവാവ് മരിച്ചിരുന്നു.