
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ വീണ്ടും അജ്ഞാത രോഗം. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലെ ആളുകൾ നിന്ന നില്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരുടെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.
22 പേരെയാണ് ഇത്തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ആറുപേർ രോഗമുക്തരായി ആശുപത്രി വിട്ടു. 15പേർ എലൂരുവിലെ ജില്ലാ ആശുപത്രിയിലും ഒരാൾ സമീപത്തുളള പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.
സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥരോട് എലുരുവിൽ സന്ദർശനം നടത്താനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി ആദിത്യനാഥ് ദാസ്, മെഡിക്കൽ ആൻഡ് ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിംഘാൾ, മെഡിക്കൽ ആൻഡ് ഹെൽത്ത് കമ്മിഷണർ കാതംമ്‌നെനി ഭാസ്‌കർ എന്നിവർ എലൂരുവിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് ജനങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി എ.കെ.കെ. ശ്രീനിവാസ് ആരോപിച്ചു. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ എലൂരുവിൽ കുറച്ചുപേർ രോഗബാധിതരായിരുന്നു.