big-family

ഒട്ടാവ: കാനഡക്കാരനായ മെർലിൻ ബ്ലാക്ക്മോർ എന്ന 19 കാരന് സഹോദരങ്ങളുടെ എണ്ണത്തിന്റെ പേരിൽ ഒരു റെക്കോഡ് വരെ സൃഷ്ടിക്കാം. ഒന്നും രണ്ടുമല്ല 150 സഹോരദങ്ങളാണ് മെർലിനുള്ളത്. ഇത് അവിശ്വസനീയമായി തോന്നാം. എന്നാൽ, തന്റെ അച്ഛന് 27 ഭാര്യമാരുണ്ടെന്നും, ഇവരിലെല്ലാവരിലുമായാണ് ഇത്രയും മക്കളുള്ളതെന്നുമാണ് മെർലിൻ പറയുന്നത്. ടിക് ടോക്കിലൂടെയാണ് മെർലിന്റെ വലിയ കുടുംബം ലോക ശ്രദ്ധ നേടിയത്. നിലവിൽ യു.എസിലാണ് മെർലിൻ താമസിക്കുന്നത്.

 ബ്ലാക്ക്മോർ കുടുംബം

മെർലിന്റെ അച്ഛൻ വിൻസ്റ്റൺ ബ്ലാക്ക്മോറിന് 64 വയസാണ് പ്രായം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് ഈ പോളിഗാമസ് കുടുംബം കഴിയുന്നത്. 27 ഭാര്യമാരിൽ 22 പേർക്ക് മാത്രമാണ് വിൻസ്റ്റണുമായുള്ള ബന്ധത്തിൽ കുട്ടികളുള്ളത്. അതിൽ 16 പേർ മാത്രമാണ് നിലവിൽ വിൻസ്റ്റണുമായി വിവാഹജീവിതം തുടരുന്നത്. ഇത്രയധികം കുടുംബാംഗങ്ങൾ ഒരുവീട്ടിൽ കഴിയുക എന്നത് പ്രായോഗികമല്ലാത്തതിനാൽ അടുത്തടുത്തുള്ള വീടുകളിലായാണ് ഇവർ താമസിക്കുന്നത്. 'ഓരോ വീട്ടിലും വിൻസ്റ്റണിന്റെ രണ്ട് ഭാര്യമാരും അവരുടെ ചെറിയ കുട്ടികളും ഉണ്ടാകും. ഒരു ഭാര്യയും മക്കളും മുകളിലത്തെ നിലയിലും മറ്റൊരു ഭാര്യയും കുട്ടികളും താഴത്തെ നിലയിലും കഴിയും. എല്ലാവരും തമ്മിൽ നല്ല സ്നേഹത്തിലാണ്' - മെർലിന്റെ മുതിർന്ന സഹോദരനായ വാരൻ ബ്ലാക്ക്മോർ പറയുന്നു.വിൻസ്റ്റൺ വിവാഹം ചെയ്തതിൽ കൂടുതലും സഹോദരിമാരെയാണ്. ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാർ വിവാഹം ചെയ്തത് വിൻസ്റ്റണിനെയാണ്. കൂടാതെ, രണ്ട് സഹോദരിമാർ വീതമുള്ള നാല് ഗ്രൂപ്പുകളുമുണ്ട്.

 ഭക്ഷണസാധനങ്ങൾക്കായി കൃഷി

എല്ലാവർക്കും വേണ്ട ഭക്ഷണ സാധനങ്ങൾ കുടുംബം സ്വന്തമായി കൃഷി ചെയ്യും. കുടുംബത്തിലെ ജോലികളെല്ലാം എല്ലാവരും തുല്യമായി വീതിച്ചാണ് ചെയ്യുന്നത്.

 നിയമനടപടി

ബഹുഭാര്യത്വത്തിന്റെ പേരിൽ 2017ൽ ഇദ്ദേഹത്തിന് നിയമനടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്രയധികം ഭാര്യമാരും കുട്ടികളുമായി താമസിക്കുന്ന വിൻസ്റ്റണിനെ സർക്കാർ ആറുമാസം വീട്ടുതടങ്കലിൽ ആക്കിയിരുന്നു.