മല്ലപ്പള്ളി :" നീതിക്കായി കാത്തിരുന്ന് മടുത്തു. വനിതാ കമ്മിഷനിലെന്നല്ല ആരുടെ മുന്നിലും പരാതിപറയാൻ പോകാൻ യാത്ര ചെയ്യാൻ വയ്യ. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നായിരുന്നു വിശ്വാസം. അതില്ലാതായി "- വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ തന്നെ തള്ളേ എന്ന് വിളിച്ചതിനെക്കുറിച്ച് പറയുകയായിരുന്നു കോട്ടാങ്ങൽ താമരശേരിൽ ലക്ഷ്മിക്കുട്ടിയമ്മ (89). തന്നെ അയൽവാസി മർദ്ദിച്ചത് സംബന്ധിച്ചാണ് ലക്ഷ്മിക്കുട്ടിയമ്മ കമ്മിഷന് ഒരു വർഷം മുമ്പ് പരാതി നൽകിയത്.
2020 ജനുവരി 26ന് മകന്റെ വാഴക്കൃഷി കോഴി നശിപ്പിച്ചതിനെ തുടർന്നുള്ള വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. . അന്ന് വൈകിട്ട് മദ്യപിച്ചെത്തിയ അയൽവാസി ലക്ഷ്മിക്കുട്ടിയമ്മയെ മർദ്ദിച്ചതായാണ് പരാതി. ഓടിയെത്തിയ മകൻ നാരായണപിള്ളയും മരുമകൾ ഒാമനയും ചേർന്ന് റാന്നി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. മൂന്ന് ദിവസം അവിടെ ചികിത്സയിൽ കഴിഞ്ഞു. അസഹൃമായ വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ വാരിയെല്ല് ഒടിഞ്ഞതും പിടിലിക്ക് പരിക്കേറ്റതും കണ്ടെത്തി. അരലക്ഷത്തോളം രൂപയുടെ ചികിത്സ നടത്തി.
പൊലീസ് കേസ് കോടതിയിലും വനിതാ കമ്മിഷനിലുമെത്തി.
കമ്മിഷൻ രണ്ടു തവണ നടത്തിയ സിറ്റിംഗിൽ തന്നെ വിളിച്ചെങ്കിലും അനാരോഗ്യം മൂലം എത്താൻ കഴിഞ്ഞില്ല.
28ന് പറക്കോട്ട് സിറ്റിംഗ് നടത്തുമെന്നും എത്തണമെന്നും കത്ത് ലഭിച്ചപ്പോൾ ആരോഗ്യപ്രശ്നം മൂലം യാത്രയ്ക്ക് കഴിയില്ലെന്ന് അറിയിക്കാൻ ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധുവായ കോട്ടയം നെടുംകുന്നം സ്വദേശി കെ.വി. ഉല്ലാസ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ ജോസഫൈനെ ഫോണിൽ വിളിച്ചു. 89 വയസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരുപറഞ്ഞെന്നും നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ പരാതി കൊടുക്കരുതെന്നും ജോസഫൈൻ പറഞ്ഞതായാണ് ആരോപണം.