വാഷിംഗ്ടൺ: ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബി.ടി.എസ് പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ബി.ടി.എസ് ആരാധികയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. തന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ കമല ബി.ടി.എസിനെ ഫോളോ ചെയ്തതിന്റെ സ്ക്രീൻഷോട്ട് നിരവധിപ്പേർ പങ്കുവച്ചിരുന്നു. ഇതോടെ കമല ബി.ടി.എസ് ആരാധികയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. കമലയുടെ ഇഷ്ട ഗാനങ്ങളുടെ പട്ടികയിൽ ബി.ടി.എസ് ബാൻഡിന്റെ പാട്ടുകൾക്ക് പ്രത്യേക സ്ഥാനമുണ്ടെന്നാണ് വിവരം.
ബി.ടി.എസ്
ബാംഗ്താൻ സൊന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട് എന്ന ലോകപ്രശസ്ത ദക്ഷിണ കൊറിയൻ സംഗീത ബാൻഡ് 2010ലാണ് സ്ഥാപിതമായത്. ജിൻ,സുഗ, ജെ ഹോപ്പ്, ആർ.എം, ജിമിൻ, വി, ജംഗ്കുക്ക് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. 2013ൽ പുറത്തിറങ്ങിയ സിംഗിൾ ആൽബമായ ടു കൂൾ ഫോർ സ്കൂളാണ് ബി.ടി.എസിന്റെ ആദ്യ സംരംഭം. ആദ്യ ഗാനം ശരാശരി വിജയം നേടി. 2017 മുതൽ ബി.ടി.എസ് ലോകപ്രശസ്തമായി. ഇന്ന് കോടിക്കണക്കിന് ആരാധകരാണ് ബി.ടി.എസിനുള്ളത്. പാട്ടിനോടൊപ്പം ചടുലമായ നൃത്തച്ചുവടുകളും ബി.ടി.എസിനെ സംഗീത പ്രേമികളുടെ ഇഷ്ട ബാൻഡാക്കി മാറ്റി. ഫേസ് യോർസെൽഫ്, യൂത്ത്, വേക്ക് എന്നിങ്ങനെ നിരവധി ആൽബങ്ങളും സേവ് മീ, ഫേക്ക് ലൗ, ഹാർട്ട് ബീറ്റ് എന്നിങ്ങനെ അനവധി സിംഗിളുകളും ബി.ടി.എസ് പുറത്തിറക്കി. 2021ലെ പുതിയ പദ്ധതികളെക്കുറിച്ച് ബി.ടി.എസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷത്തെ മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിൽ ഗ്രാമി നാമനിർദ്ദേശം നേടിയിട്ടുണ്ട് ബി.ടി.എസ്.