തിരുവനന്തപുരം: നഗരസഭയുടെ ഓൺലൈൻ സെപ്റ്റേജ് മാലിന്യ സംസ്കരണ സംവിധാനം ഇപ്പോൾ സൂപ്പർ ഹിറ്രായി. 2019 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ വീടുകളിലും അപ്പാർട്ട്മെന്റുകളിലും വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി ഇതുവരെ 8.29 കോടി ലിറ്റർ മാലിന്യങ്ങളാണ് മുട്ടത്തറയിലെ മാലിന്യ നിർമ്മാർജന പ്ളാന്റിലേക്ക് കൊണ്ടുപോയത്. 5.5 കോടി രൂപയാണ് ഇതിലൂടെ കോർപ്പറേഷന് ആകെ ലഭിച്ചത്. പദ്ധതിക്കായി പ്രവർത്തിക്കുന്ന ടാങ്കർ ലോറി ഉടമസ്ഥർക്ക് നൽകാനുള്ള തുക നൽകിയ ശേഷം കോർപ്പറേഷന് 1.35 കോടിയാണ് വരുമാനമായി ലഭിച്ചത്.
മുനിസിപ്പൽ വസ്തുക്കളുടെ വാടക ഇനത്തിലും വ്യാപാരികളിൽ നിന്നുള്ള ലൈസൻസ് ഫീസ് ഇനത്തിലും പ്രതിവർഷം കോർപ്പറേഷന് 2.25 കോടിയാണ് ലഭിക്കുന്നത്. എന്നാൽ, ഇതിനെക്കാൾ കൂടുതലാണ് സെപ്റ്റേജ് മാലിന്യ ശേഖരണത്തിലൂടെയുള്ള ആകെ വരുമാനം. ഈ മാസം വരുമാനം 5 കോടി കടക്കുകയും ചെയ്തു.
വീടുകളിൽ നിന്നുള്ള മാലിന്യമാണ് കോർപ്പറേഷൻ പ്രധാനമായും ശേഖരിക്കുന്നത്. ഇതിനോടകം 9500 വീടുകൾ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും 4770 ബുക്കിംഗുകളും ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളും 1481 ട്രിപ്പുകളും ബുക്ക് ചെയ്തിട്ടുണ്ട്. കാറ്ററിംഗ് സർവീസുകൾ 349 ബുക്കിംഗുകളും സർക്കാർ സ്ഥാപനങ്ങൾ 129 ബുക്കിംഗുകളും നടത്തിയിട്ടുണ്ട്.
മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്ത കഴക്കൂട്ടം മാലിന്യ ശേഖരണത്തിനായി 1327 ബുക്കിംഗുകളാണ് നടത്തിയത്. സമീപവാർഡുകളായ ആറ്റിപ്ര, കുളത്തൂർ, കടകംപള്ളി എന്നിവ രണ്ട് വർഷത്തിനിടെ 400 ബുക്കിംഗുകൾ നടത്തിയിട്ടുണ്ട്.
ഇനി മിനി ടാങ്കറുകൾ
നിലവിൽ വലിയ ടാങ്കറുകളാണ് നഗരസഭ ഉപയോഗിച്ചു വരുന്നത്. ഇടുങ്ങിയ പ്രദേശങ്ങളിൽ കൂടി സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മിനി ടാങ്കറുകൾ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. 1000 മുതൽ 2000 ലിറ്റർ വരെ ശേഷിയുള്ള ടാങ്കറുകൾ ഉടൻ തന്നെ ഉപയോഗിച്ചു തുടങ്ങും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് വാഹനങ്ങളുടെ സേവനം ലഭ്യമാകുക. ഓരോ വാഹനവും പ്രതിദിനം അഞ്ച് ട്രിപ്പുകൾ വരെയാണ് നടത്തുന്നത്. മാലിന്യം കാെണ്ടുപോകുന്നതിന് ലൈസൻസുള്ള വാഹനങ്ങൾക്ക് ഇരുണ്ട ബ്രൗൺ നിറമാണുള്ളത്. ഇവയിൽ ജി.പി.എസ് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ടാകും. പ്രതിദിനം അമ്പതോളം ഫോൺ കോളുകൾ വരെ കോർപ്പറേഷനിൽ ലഭിക്കാറുണ്ട്. എല്ലാം 24 മണിക്കൂറിനുള്ളിൽ തീർക്കാനാണ് നഗരസഭ ശ്രമിക്കുന്നത്.
സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് ഉപയോഗിച്ചാണ് മാലിന്യ ശേഖരണം സാദ്ധ്യമാക്കുന്നത്. ആവശ്യക്കാർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാം. അതിനുശേഷം ശേഷി അനുസരിച്ച് ടാങ്കറുകൾ തിരഞ്ഞെടുക്കാം. ഓർഡർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ ടാങ്കറുകൾ സ്ഥലത്തെത്തി മാലിന്യം ശേഖരിക്കും. തുടർന്ന് മുട്ടത്തറയിലെ പ്ളാന്റിലേക്ക് കൊണ്ടുപോകും.