ലണ്ടൻ: കൊവിഡിന്റെ യു.കെ വകഭേദം മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുതിയ വൈറസ് മരണനിരക്ക് ഉയർത്തിയേക്കാം. പഴയ വൈറസിനേക്കാൾ അതിവേഗം പടർന്നുപിടിക്കുകയാണിത്. കണക്കുകൾ പ്രകാരം 30 ശതമാനം മുതൽ 70 ശതമാനം വരെ വേഗത്തിൽ പടരുന്നതിന് സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലാണ് വകഭേദം സംഭവിച്ച കൊവിഡിനെ ആദ്യം കണ്ടെത്തിയത്. പിന്നീട് ഇന്ത്യ ഉൾപ്പെടെ 50ഓളം രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്തു. പുതിയ വൈറസ് മരണനിരക്ക് ഉയർത്തുമെന്ന് ഇംഗ്ലണ്ട് ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വെല്ലൻസ് പറഞ്ഞു. 60 ന് മുകളിൽ പ്രായമുള്ള ആയിരം പേരിൽ പഴയ കൊവിഡ് ബാധിക്കുകയാണെങ്കിൽ മരണസംഖ്യ പത്ത് ആയിരിക്കും. എന്നാൽ ജനിതക മാറ്റം സംഭവിച്ച വൈറസാണെങ്കിൽ 10 മുതൽ 14 വരെയാകും മരണമെന്ന് അദ്ദേഹം പറഞ്ഞു. മരണനിരക്ക് ഉയരാൻ ഇടയായാൽ രോഗവ്യാപനം കൂടുമെന്ന ആശങ്ക നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.