കൊച്ചി : കൊച്ചി കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് ബി.ജെ.പി അംഗത്തിന് വിജയം. നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനമാണ് അമരാവതിയിൽ നിന്നുള്ള ബി.ജെ.പി കൗൺസിലർ പ്രിയ പ്രശാന്ത് നേടിയത്. നാലു വോട്ട് നേടിയാണ് പ്രിയ വിജയിച്ചത്. ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമിതിയിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും അദ്ധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചിരുന്നു.
കൊച്ചി കോർപ്പറേഷൻ കൗൺസിലിൽ ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളാണുള്ളത്. അതേസമയം 27 കൗൺസിലർമാരുള്ള കോൺഗ്രസിന് ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും നേടാനായില്ല. മരാമത്ത് സ്ഥിരം സമിതിയിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും ആർ.എസ്.പിയിലെ സുനിത ഡിക്സനാണ് അദ്ധ്യക്ഷ.. അടുത്ത വർഷം മാർച്ചിൽ സുനിത ഡിക്സൺ കോൺഗ്രസിലെ വി.കെ. മിനിമോൾക്കായി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണു ധാരണ.
സമീപകാലത്ത് ആദ്യമായാണ് കോർപറേഷനിൽ കോൺഗ്രസിന് ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും ലഭിക്കാത്തത്.