പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന, ഇന്നും തെളിയിക്കപ്പെടാതെ അവശേഷിക്കുന്ന അതിദാരുണമായ ഇരട്ടക്കൊലയുടെ ബാക്കിപത്രമായ ഒരു വീട് വിൽപനയ്ക്ക്. 20 ലക്ഷം ഡോളർ കൈയ്യിലുള്ളവർക്ക് ഈ ബംഗ്ലാവ് സ്വന്തമാക്കാം. യു.എസിലെ മസാച്യുസെറ്റ്സിലുള്ള ഫോൾ റിവറിലാണ് 'ലിസി ബോർഡൻ' ബംഗ്ലാവ് എന്ന പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത്.
വർഷങ്ങളായി വഴിയോര സത്രമായി പ്രവർത്തിച്ചു വരികയായിരുന്നു ഇവിടം. ഇതേ രീതിയിൽ തുടർന്നുകൊണ്ടു പോകാൻ താത്പര്യമുള്ളവരെയാണ് നിലവിൽ വില്പനയ്ക്കായി അന്വേഷിക്കുന്നതും. 1892ൽ ആൻഡ്രൂ ബോർഡൻ, രണ്ടാം ഭാര്യയായ ആബി എന്നിവരെ മഴു ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ വീടാണിത്. ആൻഡ്രൂവിന്റെ ആദ്യ ഭാര്യയിലുള്ള മകൾ ലിസി ബോർഡനാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതിയെങ്കിലും തെളിവുകളില്ലാത്തതിനാൽ ലിസിയെ കോടതി വെറുതെ വിട്ടു.
ലിസി തന്നെയാണോ അച്ഛനെയും രണ്ടാമനമ്മയെയും കൊലപ്പെടുത്തിയതെന്നോ, അല്ലെങ്കിൽ മറ്റാരെങ്കിലും ആണോ എന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. 1845ൽ നിർമ്മിക്കപ്പെട്ട ഈ വീട്ടിൽ 8 മുറികളുണ്ട്. 1870കളിലാണ് ആൻഡ്രൂ ബോർഡനും കുടുംബവും ഈ വീട്ടിലെത്തുന്നത്. ആൻഡ്രൂവും ആബിയും മരിച്ചു കിടന്ന മുറികൾ ഇന്നും ഇവിടെ കാണാം. ഇരുവരുടെയും പ്രേതം ഇന്നും ഇവിടെയുണ്ടെന്ന പ്രചാരവും ഒരിക്കൽ ചോരക്കറയിൽ മുങ്ങിയ ഈ വീടിനെ ഭയപ്പെടുത്തുന്നതാക്കുന്നു.
ഞെട്ടിച്ച കൊല
1892 ഓഗസ്റ്റ് നാലിനാണ് ആൻഡ്രൂവിന്റെയും ആബിയുടെയും മൃതദേഹങ്ങൾ ഈ വീട്ടിൽ നിന്ന് കണ്ടെത്തുന്നത്. ആൻഡ്രൂവിന്റെ മുഖം മഴു ഉപയോഗിച്ച് 11 തവണ വെട്ടേറ്റ് വികൃതമായ നിലയിലായിരുന്നു. ആബിയ്ക്ക് തലയിൽ 19 തവണയാണ് വെട്ടേറ്റത്. സംഭവം നടക്കുമ്പോൾ താൻ വീടിന്റെ മറ്റൊരു ഭാഗത്ത് ജോലിത്തിരക്കിലായിരുന്നുവെന്നും പിന്നീട് വീട്ടിലെ സ്വീകരണമുറിയിലെത്തുമ്പോഴാണ് പിതാവിന്റെ മൃതദേഹം കണ്ടതെന്നുമായിരുന്നു ലിസിയുടെ മൊഴി.
മൂത്ത മകളായ എമ്മ പുറത്ത് പോയിരിക്കുകയായിരുന്നു. എന്നാൽ അന്വേഷണ സംഘം ലിസിയിലേക്കാണ് വിരൽചൂണ്ടിയതെങ്കിലും കൊലപാതകി ലിസിയാണോ എന്ന് സ്ഥിരീകരിക്കാനുള്ള യാതൊരു തെളിവും കണ്ടെത്താൻ സാധിച്ചില്ല. അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ബോർഡൻ ഇരട്ടക്കൊലപാതക കേസ്. കൊല നടക്കുന്നതിന് മുമ്പ് മാരകവിഷമായ പ്രസിക് ആസിഡ് വാങ്ങാൻ ലിസി ശ്രമിച്ചതായും എന്നാൽ പ്രസ്ക്രിപ്ഷൻ ഇല്ലാതിരുന്നതിനാൽ ഫാർമസിസ്റ്റ് ലിസിയ്ക്ക് അത് നൽകിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അതുപോലെ, കൊല നടന്ന ദിവസം താൻ ധരിച്ചിരുന്ന വസ്ത്രം കറ പറ്റിയെന്ന് പറഞ്ഞ് ലിസി കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുകൊണ്ട് മാത്രം കൊലയാളി ലിസി ആണെന്ന് തെളിയിക്കാൻ ആർക്കും സാധിച്ചില്ല. തുടർന്ന് ലിസിയെ കോടതി വെറുതെ വിടുകയായിരുന്നു. അജ്ഞാതനായ മറ്റാരോ ആണ് കൊലയാളിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ലിസിയെയും ബോർഡൻ ഇരട്ടക്കൊലയെയും പറ്റി അക്കാലത്ത് ഒരു നഴ്സറി റൈം പോലും ഇറങ്ങി. ലിസിയും സഹോദരി എമ്മയും തന്നെയായിരുന്നു ഈ വീട്ടിൽ പിന്നീട് കഴിഞ്ഞത്. 1927 ജൂൺ 1ന് 66ാം വയസിൽ അന്തരിക്കുന്നത് വരെ ലിസി ഈ വീട്ടിലാണ് താമസിച്ചത്.