കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്‌മരണച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ ഇരിക്കെ സദസിൽ നിന്ന് ജയ് ശ്രീറാം വിളികൾ ഉയർന്നതിൽ രോഷാകുലയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗിക്കാൻ വിസമ്മതിച്ചു. ഇന്നലെ വിക്‌ടോറിയ സ്മാരകത്തിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ.
മമത പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ ജയ്‌ശ്രീറാം, ജയ് മോദി വിളികൾ ഉയരുകയായിരുന്നു. ഇതിൽ രോഷം പ്രകടിപ്പിച്ച മമത, വിളിച്ചു വരുത്തി അപമാനിക്കരുതെന്നും ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും പറഞ്ഞു.
നിശബ്ദത പാലിക്കാനും മമതയുടെ പ്രസംഗം തടസപ്പെടുത്തതരുതെന്നും സംഘാടകർ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
'സർക്കാർ പരിപാടിക്ക് അതിന്റെ അന്തസുണ്ടാകണം. ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. എല്ലാ രാഷ്ട്രീയക്കാരുടേയും ജനങ്ങളുടേയും പരിപാടിയാണ്. ക്ഷണിച്ചുവരുത്തി അപമാനിക്കരുത്. ഇവിടെ ഞാൻ പ്രസംഗിക്കില്ല എന്ന് പറഞ്ഞ മമത, ജയ് ഹിന്ദ്, ജയ് ബംഗാൾ മുദ്രാവാക്യം മുഴക്കി സീറ്റിൽ ഇരുന്നു.
നേതാജി അനുസ്മരണം കൊൽക്കത്തയിൽ സംഘടിപ്പിച്ചതിന് കേന്ദ്ര സാംസ്കാരി മന്ത്രാലയത്തിനും പരിപാടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രിക്കും മമത നന്ദി രേഖപ്പെടുത്തി.
ഭാരത് മാതാ കീ ജയ് എന്ന് വിളിച്ച് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, മമതയെ സഹോദരി ( ബഹൻ) എന്നാണ് അഭിസംബോധന ചെയ്തത്. മോദി സംസാരിച്ച് തുടങ്ങിയപ്പോൾ 'ജയ് ശ്രീറാം" വിളിച്ചിരുന്നവർ നിശബ്ദരായി.
ബംഗാളിൽ പലയിടത്തും ഇന്നലെ സംഘർഷം ഉണ്ടായി. ഹൗറയിൽ നേതാജി ജന്മദിനാഘോഷ പ്രകടനത്തിൽ ബി.ജെ.പി -തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. കേന്ദ്ര സർക്കാർ ഇന്നലെ പരാക്രം ദിവസമായി പ്രഖ്യാപിച്ചതിനെയും മമത നേരത്തേ എതിർത്തിരുന്നു. തൃണമൂൽ ദേശ്‌നായക് ദിവസമായാണ് ആചരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിന്റെ പാരമ്പര്യം മുതലെടുക്കാനുളള ശ്രമമാണ് ബി.ജെ.പിയും തൃണമൂലും നടത്തുന്നത്.
നേതാജി അനുസ്മരണത്തിൽ പ്രസംഗിക്കാൻ വിസമ്മതിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ അപമാനിച്ചിരിക്കയാണ്. ബംഗാൾ ജനത ഇത് പൊറുക്കില്ല.
- അമിത് മാളവ്യ, ബി.ജെ.പി ഐ.ടി സെൽ മേധാവി.
എന്തുകൊണ്ട് നേതാജിക്ക് സ്‌മാരകം നിർമ്മിക്കുന്നില്ല
നേതാജി ദിനാചരണത്തിന് സംസ്ഥാന സർക്കാർ നടത്തിയ റാലിയുടെ സമാപനത്തിൽ മമത കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു. നേതാജിയുടെ ജന്മവാർഷികം ദേശീയ അവധിയായി കേന്ദ്രം പ്രഖ്യാപിക്കാത്തതിൽ അവർ പ്രതിഷേധിച്ചു
'നിങ്ങൾ പുതിയ പാർലമെന്റ് നിർമിക്കുന്നു. പുതിയ വിമാനങ്ങൾ വാങ്ങുന്നു. എന്തുകൊണ്ടാണ് നേതാജിക്ക് സ്മാരകം നിർമ്മിക്കാത്തത്. നിങ്ങൾക്ക് ഏത് തുറമുഖത്തിനു വേണമെങ്കിലും ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകാം. എന്നാൽ രാജീവ് ഗാന്ധിയെ കൊണ്ട് കൊൽക്കത്ത വിമാനത്താവളത്തിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യിക്കാൻ എനിക്ക് സാധിച്ചു." - മമത പറഞ്ഞു.