biden-

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ ഇമിഗ്രേഷൻ പരിഷ്കാരങ്ങൾക്ക് പിന്തുണയറിയിച്ച് ​ഗൂ​ഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും, ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടിം കുക്കും. ബൈഡന്റെ തീരുമാനം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. പുതിയ നിയമം കഴിവുള്ളവരെ അമേരിക്കയിൽ തന്നെ നിലനിറുത്താൻ സഹായിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമ​ഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനം സ്വാ​ഗതം ചെയ്യുന്നുവെന്നാണ് ടിം കുക്ക് പറഞ്ഞത്. കൊവിഡ്, പാരീസ് കാലാവസ്ഥ ഉടമ്പടി, കുടിയേറ്റ പരിഷ്കരണം എന്നിവയിൽ ബൈഡൻ കെെക്കൊണ്ട പെട്ടെന്നുള്ള നടപടിയെ പിച്ചൈ അഭിനന്ദിച്ചു.ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെ കൊണ്ടുവന്ന യു.എസ് സിറ്റിസൺഷിപ്പ് ആക്ട് ഒഫ് 2021 കുടിയേറ്റത്തിനായുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതാണ്.

ബൈ‍ഡൻ കോൺ​ഗ്രസിലേക്ക് അയച്ച സമ​ഗ്രമായ ഇമി​ഗ്രേഷൻ ബില്ലിൽ തൊഴിൽ അടിസ്ഥാനമാക്കിയുള്ള ​ഗ്രീൻ കാർഡുകൾക്ക് ഓരോ രാജ്യത്തിന്റെയും പരിധി ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് വിദേശത്തു നിന്നുള്ള കൂടുതൽ തൊഴിലന്വേഷികളെ അമേരിക്കയിൽ എത്തിക്കും. ബൈഡന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഐ.ടി പ്രൊഫഷണൽസിനും ​ഗുണകരമാണ്.