കൊൽക്കത്ത: കൊവിഡ് മഹാമാരിക്കെതിരെയുളള പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നേതാജിയുടെ 125ാം ജന്മദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരിക്കെതിരെ ഇന്ത്യ കരുത്തോടെ പോരാടിയതും വാക്സിൻ സ്വയം ഉത്പാദിപ്പിക്കുന്നതും മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യൻ വാക്സിൻ എത്തിക്കുന്നതും കണ്ടാൽ നേതാജി അഭിമാനം കൊളളുമായിരുന്നു.
നേതാജി വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ചൈനീസ് അതിർത്തി മുതൽ പാകിസ്ഥാൻ അതിർത്തി വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യ തക്കതായ മറുപടി നൽകുന്നുണ്ട്.- പ്രധാനമന്ത്രി പറഞ്ഞു.
നേതാജിയുടെ ജീവിതവും പ്രവർത്തനങ്ങളും തീരുമാനങ്ങളും നമുക്ക് പ്രചോദനമാണ്. ദാരിദ്ര്യം, നിരക്ഷരത, അസുഖങ്ങൾ തുടങ്ങിയവയെ രാജ്യത്തിന്റെ വലിയ പ്രശ്നങ്ങളായി നേതാജി കണക്കാക്കിയിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും മോദി പറഞ്ഞു.
രാജ്യത്ത് നാല് തലസ്ഥാനങ്ങൾ വേണം
രാജ്യത്ത് നാല് തലസ്ഥാനങ്ങൾ വേണമെന്നും മമത പറഞ്ഞു.
'കൊൽക്കത്തയിൽ ഇരുന്നാണ് ഇംഗ്ലീഷുകാർ രാജ്യം മുഴുവൻ ഭരിച്ചത്. പിന്നെന്തുകൊണ്ടാണ് രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രം ഉണ്ടായത്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ ഇന്ത്യയിൽ നാലു തലസ്ഥാനങ്ങൾ വേണം. ഈ നാല് ദേശീയ തലസ്ഥാനങ്ങളിൽ മാറി മാറി പ്രവർത്തിക്കാൻ കഴിയുന്ന രീതി വരണം. എന്തുകൊണ്ട് എല്ലാം ഡൽഹി മാത്രമായി പരിമിതപ്പെടുത്തുന്നു. നാല് ദേശീയ തലസ്ഥാനം എന്ന ആവശ്യം പാർലമെന്റിൽ ഉന്നയിക്കാൻ തൃണമൂൽ എം.പിമാരോട് നിർദ്ദേശിക്കുമെന്നും മമത പറഞ്ഞു.