rahul-gandhi

കോയമ്പത്തൂർ: തമിഴ് ഭാഷയെയും സംസ്‌കാരത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി ബഹുമാനിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി കോൺഗ്രസ് പ്രവർത്തിക്കും. തമിഴ്നാടിന് അവർ അർഹിക്കുന്ന പുതിയ സർക്കാരിനെ നൽകുമെന്നും കോയമ്പത്തൂരിൽ നടന്ന പരിപാടിയിൽ രാഹുൽ പറഞ്ഞു.

ഒരു ഭാഷ, ഒരു സംസ്‌കാരം എന്നിവ ഇന്ത്യയിലുടനീളം നടപ്പിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനെതിരായാണ് നമ്മുടെ പോരാട്ടം. തമിഴ് ഭാഷയോടും സംസ്‌കാരത്തോടും മോദിക്ക് ബഹുമാനമില്ല. തമിഴ് ഭാഷയും സംസ്‌കാരവും ജനങ്ങളും മോശമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകൾക്കും ഇന്ത്യയിൽ ഇടമുണ്ട്.

ഇന്ത്യയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. നിർമാണം, വ്യവസായവത്കരണം, തൊഴിൽ തുടങ്ങിയവയിലെല്ലാം തമിഴ്നാടിനെ രാജ്യത്തിന് മാതൃകയാക്കാവുന്നതാണ്. എന്നാൽ, നിലവിൽ തമിഴ്നാട്ടിലെ യുവാക്കൾക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. കർഷകരും ദുരിതത്തിലാണ്.

മോദി ഇന്ത്യയിലെ മൂന്നോ നാലോ വ്യവസായികളുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യൻ ജനതയ്ക്ക് അവകാശപ്പെട്ടതെല്ലാം മോദി അവർക്ക് വിൽക്കുകയാണ്. തമിഴ്‌ ജനതയുമായി തനിക്ക് രാഷ്ട്രബന്ധമല്ല, കുടുംബബന്ധമാണുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ എത്തിയത്. തിരുപ്പൂർ, ഈറോഡ്, കാരൂർ എന്നിവിടങ്ങളിൽ രാഹുൽ സന്ദർശനം നടത്തും.