plantations

കൊച്ചി: വിലത്തകർച്ചയും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളിലൂടെ വർഷങ്ങളായി കടന്നുപോകുന്ന കേരളത്തിലെ തോട്ടം മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതാണ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച കരട് തോട്ടവിള നയം. നയം നടപ്പാക്കാൻ കഴിഞ്ഞാൽ തോട്ടം മേഖല പഴയ പ്രതാപത്തിലേക്ക് മെല്ലെ തിരിച്ചുകയറുമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

തൊഴിലവസരങ്ങൾ ഉയരാനും സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്നും അവർ പറയുന്നു. അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ വീണ്ടും തുറക്കാൻ നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് പുതിയ നയത്തിലുള്ളത്. തൊഴിലിന്റെയും തൊഴിലാളികളുടെയും സംരക്ഷണം, വേതനം മെച്ചപ്പെടുത്തൽ, വ്യവസായ മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും ലഭ്യമാക്കൽ, തൊഴിലാളികൾക്ക് ലൈഫ് മിഷനിലൂടെ വീട് തുടങ്ങി ഒട്ടേറെ തീരുമാനങ്ങളുമുണ്ട്.

ഉത്പാദനം തിരിച്ചുപിടിക്കണം

2013-14ൽ കേരളത്തിലെ തൊട്ടവിളകളുടെ ഉത്പാദനമൂല്യം 21,000 കോടി രൂപയായിരുന്നു. വിലത്തകർച്ച വീശിയടിച്ചതോടെ ഇപ്പോൾ മൂല്യം 13,000 കോടി രൂപയാണ്. മൂന്നരലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്ന മേഖല, കേരളത്തിന്റെ മൊത്തം കാർഷികവിസ്തൃതിയുടെ 30 ശതമാനവും കൈകാര്യം ചെയ്യുന്നു.

ഉത്‌പാദനക്ഷമത, വൈവിദ്ധ്യവത്കരണം, മൂല്യവർദ്ധന, സംസ്കരണം, വിപണനം എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിടുന്ന കരടുനയം നിളകൾക്ക് ന്യായവിലയും ഉറപ്പുനൽകുന്നുണ്ട്.