larry-king

വാഷിംഗ്ടൺ: ആറുപതിറ്റാണ്ടോളം അമേരിക്കൻ ടെലിവിഷൻ മാദ്ധ്യമരംഗത്ത് വിഹരിച്ച,​ 'ലാരി കിംഗ് ലൈവ്" എന്ന ടോക് ഷോയിലൂടെ പ്രസിദ്ധനായ ടെലിവിഷൻ -റേഡിയോ അവതാരകൻ ലാരി കിംഗ് (87) വിടവാങ്ങി. 'മാസ്റ്റർ ഇന്റർവ്യൂവർ' എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊവിഡ് ബാധിച്ച് ലോസാഞ്ചൽസിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു. ഒരാഴ്ചമുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.

സി.എൻ.എന്നിൽ 25 വർഷമായി അവതരിപ്പിച്ചിരുന്ന 'ലാരി കിംഗ് ലൈവ്" പരിപാടിക്ക് 1.5 മില്യൺ പ്രേക്ഷകരാണ് ദിവസേന ഉണ്ടായിരുന്നത്. ചാനലിന്റെ ഏറ്റവും പ്രചാരമുള്ള പരിപാടിയും ഇതായിരുന്നു. അഭിമുഖവും,​ രാഷ്ട്രീയചർച്ചയും,​ നർമ്മം തുളുമ്പുന്ന കുശലാന്വേഷണങ്ങളും,​ പ്രേക്ഷകരുടെ ഫോൺ ഇൻ പ്രോഗ്രാമും കോർത്തിണക്കിയതായിരുന്നു അദ്ദേഹത്തിന്റെ ഷോ. ലാരിയുടെ ട്രേഡ്മാർക്ക് വേഷവിധാനങ്ങളായിരുന്ന കൈ ചുരുട്ടി വച്ച ഷർട്ടും സസ്‌പെൻഡേർസും പല നിറത്തിലുള്ള ടൈകളും കറുത്ത കണ്ണടയും ഒപ്പം അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദവും അമേരിക്കക്കാർക്കിടയിൽ ഏറെ പ്രശസ്തി നേടിയിരുന്നു. റേഡിയോയിലൂടെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 63 വർഷത്തെ മാദ്ധ്യമപ്രവർത്തനത്തിൽ യാസർ അറാഫത്ത്, വ്ലാഡിമിർ പുടിൻ തുടങ്ങിയ ലോക നേതാക്കളുമായി ലാരി അഭിമുഖം നടത്തി. 2010 ൽ സി.എൻ.എന്നിൽ നിന്ന് വിരമിച്ച ലാരി സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ചു. 2012ൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓറ ടിവിയിൽ 'ലാരി കിംഗ് നൗ' എന്ന പരിപാടി അവതരിപ്പിക്കാനാരംഭിച്ചു. 2013ൽ 'പൊളിറ്റിക്കിംഗ് വിത്ത് ലാരി കിംഗ്' എന്ന പരിപാടിയും തുടങ്ങി. ഏഴു പേരെ എട്ടുതവണ വിവാഹം ചെയ്ത അദ്ദേഹത്തിന് പരേതരായ രണ്ടു പേരടക്കം അഞ്ച് മക്കളുണ്ട്. 2019ലാണ് ഒടുവിൽ വിവാഹമോചിതനായത്. 1987ൽ ഹൃദയാഘാതം, 2017 ശ്വാസകോശാർബുദം, 2019 പക്ഷാഘാതം,​ ഹൃദയഘാതം എന്നിവയെ അതിജീവിച്ച ലാരി, 2020ൽ അഞ്ചാഴ്ചയ്ക്കിടെ രണ്ടുമക്കളുടെ മരണത്തിനും സാക്ഷ്യം വഹിച്ചു.