blasters

എഫ്.സി ഗോവയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു,പട്ടികയിൽ ഏഴാമതേക്ക് ഉയർന്നു

മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ സീസണിലെ അഞ്ചാം സമനില വഴങ്ങി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ എഫ്.സി ഗോവയുമായി ഓരോ ഗോളടിച്ചാണ് ബ്ളാസ്റ്റേഴ്സ് സമനിലയിൽ സമ്മതിച്ചത്. 30-ാം മിനിട്ടിൽ ജോർജ് ഓർട്ടിസിലൂടെ മുന്നിലെത്തിയിരുന്ന ഗോവയെ 57-ാം മിനിട്ടിൽ കെ.പി രാഹുലിലൂടെയാണ് മഞ്ഞപ്പട തളച്ചത്. ഇതോടെ 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായ ബ്ളാസ്റ്റേഴ്സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.20 പോയിന്റുള്ള ഗോവ മൂന്നാമതാണ്.

പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരം അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും ഗോവ ലീഡു നേടിയിരുന്നു. ആദ്യഘട്ടത്തിൽ ആധിപത്യം പുലർത്തിയതും അവരാണ്.ജോർജ് ഓർട്ടിസാണ് ഗോവൻ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ബ്ളാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് നല്ലൊരു നീക്കമുണ്ടായത്21-ാം മിനിട്ടിലാണ്. യുവാൻഡെയുടെ ക്രോസിൽ നിന്നുള്ള വിൻസെൻഷ്യേ ഗോമസിന്റെ ഷോട്ട് പക്ഷേ വലയ്ക്ക് മുകളിലേക്കാണ് പോയത്.

തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിലാണ് 30-ാം മിനിട്ടിൽ ഓർട്ടിസ് സ്കോർ ചെയ്തത്.ഒരു ഫ്രീകിക്കിൽ നിന്നുള്ള ഓർട്ടിസിന്റെ ഷോട്ട് തടുക്കുവാൻ ബ്ളാസ്റ്റേഴ്സ് ഗോളി അൽബിനോ ഡൈവ് ചെയ്തിട്ടും ഫലമുണ്ടായില്ല.

രണ്ടാം പകുതിയിൽ ബ്ളാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ കണ്ടാണ് തുടങ്ങിയത്.56-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ ഒരു ശ്രമം കോർണർ വഴങ്ങി ഒഴിവാക്കാൻ ശ്രമിച്ചത് ഗോവയ്ക്ക് തിരിച്ചടിയായി. ഈ കോർണർ കിക്കിൽ നിന്ന് ഫകുൻഡോ പെരേര നൽകിയ ക്രോസാണ് തകർപ്പൻ ഹെഡറിലൂടെ രാഹുൽ ഗോളാക്കി മാറ്റിയത്.കഴിഞ്ഞ മത്സരത്തിൽ വിജയഗോളടിച്ച രാഹുൽ ഇന്നലെയും ആവേശത്തോടെയാണ് കളിച്ചത്. എന്നാൽ നിരവധി ഫൗളുകളും വരുത്തി.

65-ാം മിനിട്ടിൽ മോശം പെരുമാറ്റത്തിന് ഇവാൻ ഗോൺസാലസിന് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തുപകേണ്ടിവന്നതോടെ പത്തുപേരായി ചുരുങ്ങിയ ഗോവ പ്രതിരോധം ശക്തിപ്പെടുത്താൻ മാറ്റങ്ങൾ വരുത്തി. 89-ാംമിനിട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ബക്കാരി കോനെ നൽകിയ പന്ത് ലാൽതതംഗ ഖ്വാർലിംഗ് പാഴാക്കിയത് ബ്ളാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ കളിയിലേതുപോലെ ഇൻജുറി ടൈമിലൊരു ഗോൾ ബ്ളാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.