crime

നാഗർകോവിൽ: ആരുവാമൊഴിയിൽ കല്യാണ ബ്രോക്കറെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി 23 പവൻ സ്വർണം കവർന്നു. തിരുനെൽവേലി, പനകുടി, മേൽതെരുവ് സ്വദേശി കന്തസ്വാമിയുടെ (75) സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒരാഴ്ച മുമ്പ് അഞ്ചുഗ്രാമത്തിലുള്ള ചിലർ വിവാഹക്കാര്യത്തിനായി കന്തസ്വാമിയെ വീട്ടിൽ വന്ന് കണ്ട ശേഷം യുവാവിന്റെ വീടെന്ന പേരിൽ ഒരു വീടും കാണിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് വീണ്ടുമെത്തിയ അവർ ഒരു പെൺകുട്ടിയെ തങ്ങൾ കണ്ടുവച്ചിട്ടുണ്ടെന്നും സംസാരിച്ച് കാര്യങ്ങൾ ശരിയാക്കണമെന്നും ആവശ്യപ്പെട്ട ശേഷം ഇയാളെ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. മുപ്പന്തലിൽ എത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ കത്തികൊണ്ട് കന്തസ്വാമിയെ കുത്തിപ്പരിക്കേല്പിച്ച് 11 പവന്റെ മാല, 7 പവന്റെ ബ്രേസ്‌ലെറ്റ്, 5 പവന്റെ മോതിരം എന്നിവ ഊരിയെടുത്ത ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. അബോധാവസ്ഥയിൽ ഇയാളെ കണ്ട വിവരം നാട്ടുകാരാണ് ആരുവാമൊഴി പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് കന്തസ്വാമിയെ ആശുപത്രിയിലെത്തിച്ചു. ബോധം വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.