മലയിൻകീഴ്: വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ മലയിൻകീഴ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരനെ വീട്ടുടമയും സംഘവും ആക്രമിച്ചതായി പരാതി. ലൈൻമാനായ പെരുമ്പഴുതൂർ സ്വദേശി എസ്.പി. പ്രസാദിനാണ് (41) കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ന് മർദ്ദനമേറ്റത്. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പത്മകുമാറും (തീർത്ഥം കണ്ണൻ)മറ്റ് മൂന്നുപേരുമാണ് ആക്രമണത്തിന് പിന്നിലെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വൈദ്യുതി ബില്ല് കുടിശിക ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്മകുമാറിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. രാവിലെ പണം അടച്ചതിനെത്തുടർന്ന് ഉച്ചയോടെ റീ-കണക്ഷൻ നൽകി ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. പ്രസാദിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ചതായും പറയുന്നു.
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ പ്രദീപാണ് പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ അറിയിച്ചു.