magic

പുനെ: ചൂടാകുമ്പോൾ സ്വർണമാകുന്ന 'മാജിക് മണൽ'എന്ന് വിശ്വസിപ്പിച്ച് ജുവലറി ഉടമയിൽ നിന്ന് 50ലക്ഷം തട്ടിയതായി പരാതി. പുനെയിലെ ഹഡ്പൂരിലാണ് സംഭവം.

ഒരു വർഷം മുമ്പ് ജുവലറി ഉടമയുമായി പരിചയപ്പെട്ടയാൾ ഉരുക്കിയാൽ സ്വർണമാകുന്ന മണൽ എത്തിച്ച് തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. നാലുകിലോഗ്രാം മണൽ നൽകിയതിന് 30ലക്ഷം രൂപയും 20 ലക്ഷത്തിന്റെ സ്വർണവുമാണ് ജുവലറി ഉടമ പ്രതിഫലം നൽകിയത്. മണൽ ഉരുക്കിയിട്ടും സ്വർണം ലഭിക്കാതെ വന്നതോടെയാണ് സംഗതി തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടത്.

ജുവലറി ഉടമ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷം മുമ്പ് കടയിലെത്തിയ യുവാവ് ഉടമയുമായി പരിചയത്തിലാകുകയായിരുന്നു. തന്റെ കുടുംബത്തിന് ജുവലറി ബിസിനസാണെന്നും ഡയറി ഉത്പന്നങ്ങൾ വിതരണം ചെയ്യലാണ് തന്റെ ജോലിയെന്നും യുവാവ് ഉടമയെ തെറ്റിദ്ധരിപ്പിച്ചു.

പിന്നീട് നാലുകിലോ മണൽ ജുവലറി ഉടമക്ക് നൽകി. ബംഗാളിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്നും ചൂടാക്കിയാൽ സ്വർണമാകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന് പ്രതിഫലമായി പരാതിക്കാരൻ 30ലക്ഷം പണമായും 20ലക്ഷം സ്വർണമായും നൽകുകയായിരുന്നു. മണൽ തീയിൽ ഉരുക്കി നോക്കിയതോടെ താൻ കബളിപ്പിക്കപ്പെട്ട വിവരം ഉടമ മനസിലാക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.