mahua-moitra

കൊൽക്കത്ത; പ്രധാന മന്ത്രിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുത്ത വിക്ടോറിയ മെമ്മോറിയലിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അനുസ്മരണ ചടങ്ങിൽ വച്ച് ബിജെപിക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കേന്ദ്ര സർക്കാർ ജനാധിപത്യത്തിന്റെ പവിത്രതയെ പൂർണമായും നശിപ്പിച്ചുവെന്നും ഇത്തരത്തിലൊരു അസംബന്ധത്തെ ബിജെപിക്കാർക്ക് മാത്രമാണ് ന്യായീകരിക്കാൻ സാധിക്കുകയെന്നുമാണ് അവർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

'ഇതൊരു ഔദ്യോഗിക ചടങ്ങാണ്. അത് മതപരമായ ചടങ്ങിൽ നിന്നും വ്യത്യസ്തമാണ്. അത്തരമൊരു ചടങ്ങിൽ നിങ്ങൾക്ക് മതവുമായി ബന്ധപ്പെട്ട മന്ത്രങ്ങൾ ഉച്ചരിക്കാനാകില്ല. മതവും സർക്കാരും തുല്യമല്ല. ഇതോരു മതേതര ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം കാലം അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് പറ്റില്ല. ബിജെപിയിൽ ഉള്ളവരെപോലെയുള്ള വിഡ്ഢികളും, വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകൾക്ക് മാത്രമേ ഇത്തരത്തിലുള്ള തോന്ന്യവാസത്തെ ന്യായീകരിക്കാൻ ആവുകയുള്ളൂ'-അവർ പറഞ്ഞു.

ഭരണഘടനയിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ അത് ചെയ്യാമെന്നും പക്ഷെ അതുവരെ ഒരു ഔദ്യോഗിക ചടങ്ങിൽ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്താൻസാധിക്കുകയില്ലെന്നും മഹുവ പറഞ്ഞു. സംഭവത്തിനെതിരെ ട്വിറ്റർ വഴിയും തൃണമൂൽ കോൺഗ്രസ് എംപി രംഗത്തുവന്നു. ഇത്തരത്തിൽ സർക്കാരിനെ മതവുമായി തുലനം ചെയ്യുന്ന 'മതഭ്രാന്തപരമായ ബുൾഡോസിങ്ങിനെതിരെ' പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യ നശിക്കുകയുകയാണുണ്ടാകുക എന്നാണു അവർ പറഞ്ഞത്.

മറ്റൊരു തൃണമൂൽ എംപിയായ ഡെറിക്ക് ഒബ്രയാനും സംഭവത്തിൽ പ്രതികരിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാർഷിക ദിനമായ ഇന്ന് കേന്ദ്രസർക്കാർ കൊൽക്കത്തയിൽ സംഘടിപ്പിച്ച 'പരാക്രം ദിവസ്' ആഘോഷ വേദിയിൽ നിന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയിയിരുന്നു . യോഗത്തിനിടെ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ ജനങ്ങൾ മുഴക്കിയതോടെയാണ് കോപാകുലയായി മമത വേദി വിട്ടത്.