കൊച്ചി: ഡോളർകടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യംചെയ്യുമെന്ന് റിപ്പോർട്ട്. നിമയസഭാ സമ്മേളനം അവസാനിച്ചതിനാലാണ് എത്രയുംപെട്ടെന്ന് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുളള നോട്ടീസ് തയ്യാറാക്കുന്ന നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ. ഒരുതരത്തിലുളള പിഴവും വരാതിരിക്കാൻ മൂന്നുതലത്തിലുളള നിയമോപദേശം തേടിയശേഷമാണ് നോട്ടീസ് തയ്യാറാക്കുന്നത്. നേരത്തേ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യംചെയ്യൽനോട്ടീസിന്റെ പേരിൽ നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തമായ നിയമോപദേശം സ്വീകരിച്ചത്. കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതിൽ നിയമതടസങ്ങളൊന്നുമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറർ അറിയിച്ചത്. അന്വേഷണത്തെ ഒരുതരത്തിലും തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു.
സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയക്കുകയായിരുന്നു. ഇതിന് രൂക്ഷമായ മറുപടിയാണ് കസ്റ്റംസ് നൽകിയത്.
'കത്തുയുദ്ധ'ത്തിനുശേഷമാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ചോദ്യംചെയ്യലിന് ഹാജരായത്.
യു എ ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തിൽ നിന്ന് വിദേശത്തേക്ക് വൻതോതിൽ ഡോളർ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവർ സ്പീക്കർക്കെതിരെ മൊഴിനൽകിയിട്ടുണ്ട്.