mc-josephine

കണ്ണൂർ: വൃദ്ധയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പത്മനാഭൻ. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സി പി എമ്മിന്റെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി എത്തിയ പി ജയരാജനോടായിരുന്നു കമ്മിഷൻ അദ്ധ്യക്ഷയുടെ നടപടിയോടുളള തന്റെ എതിർപ്പ് അദ്ദേഹം പ്രകടിപ്പിച്ചത്. താൻ എതിരാളി അല്ല ശുഭകാംക്ഷിയാണ് എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം വിമർശനം ഉയർത്തിയത്. 'കമ്മിഷൻ അദ്ധ്യക്ഷയുടെ വാക്കുകൾ പദവിക്ക് നിരക്കാത്തതാണ്. വലിയ കാറും വലിയ ശമ്പളവും നൽകി അവരെ നിയമിച്ചത് എന്തിനാണ്?. വൃദ്ധയോട് കാണിച്ചത് ക്രൂരതയാണ്. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അദ്ധ്യക്ഷ പെരുമാറിയത്'- ടി പത്മാനഭൻ പറഞ്ഞു. ജയരാജനൊപ്പം നേതാക്കളും പാർട്ടി പ്രവർത്തകരുമായി നിരവധി പേരും ഉണ്ടായിരുന്നു. വിമർശനം ജോസഫൈന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജയരാജൻ അറിയിച്ചു.

mt-joshepine

അതിനിടെ സംഭവത്തിൽ വിശദീകരണവുമായി എം സി ജോസഫൈൻ രംഗത്തെത്തി. 'വൃദ്ധയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. വിളിച്ചയാളുടെ സംസാരത്തിൽ അവ്യക്തത ഉണ്ടായിരുന്നു. അതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. മാദ്ധ്യമങ്ങൾ സംഭവം പെരുപ്പിച്ച് കാട്ടുകായിരുന്നു എന്നായിരുന്നു ജോസഫൈൻ പറയുന്നത്.

കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന്‍ മുന്നിൽ ഹാജരാകരണമെന്ന് എംസി ജോസഫൈൻ നിർബന്ധം പിടിച്ചതാണ് വിവാദമായത്. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനുനേരെ ജോസഫൈൻ ശകാരവർഷം നടത്തുകയും ചെയ്തു. അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോൺസംഭാഷണം കഴിഞ്ഞദിവസമാണ് പുറത്തുന്നത്. പത്തനംതിട്ട സ്വദേശി ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയല്‍വാസിയുടെ മർദ്ദനമേറ്റാണ് ലക്ഷ്മിക്കുട്ടിയമ്മ കിടപ്പിലായത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു വനിതാ കമ്മിഷനെ സമീപിച്ചത്.

mt-joshepine

87 വയസുള്ള വൃദ്ധ എന്തിനാണ് വനിതാ കമ്മിഷന് പരാതി നൽകുന്നതെന്ന് ചോദിച്ചായിരുന്നു അധിക്ഷേപമെന്ന് ബന്ധു പറയുന്നു. പരാതിക്കാരി ആരായാലും വിളിക്കാവുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്നും ജോസഫൈൻ ഇയാളോട് പറയുന്നതും ഫോൺസംഭാഷണത്തിൽ വ്യക്തമാണ്. ഇതോടെ പലകോണുകളിൽ നിന്നും ജോസഫൈനെതിരെ വിമർശനമുയർന്നു.