വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ സ്വതന്ത്ര വ്യാപര കരാറിനെക്കുറിച്ച് ചർച്ച നടത്തി. ഇന്നലെ ഫോണിലൂടെയാണ് ഇരു നേതാക്കളും തമ്മിൽ ആശയവിനിമയം നടത്തിയത്.
ബോറിസ് ജോൺസൺ തന്നെയാണ് ബൈഡനുമായി ചർച്ച നടത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ടെന്നായിരുന്നു ട്വീറ്റ്.അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ബൈഡൻ സംസാരിക്കുന്ന ആദ്യത്തെ യൂറോപ്യൻ നേതാവാണ് ബോറിസ് ജോൺസൺ.
പാരിസ് ഉടമ്പടിയും, ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ട ബൈഡന്റെ തീരുമാനങ്ങളെയും ബോറിസ് ജോൺസൺ സ്വാഗതം ചെയ്തു. അധികാരമേറ്റ അമേരിക്കൻ പ്രസിഡന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചുവെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും ബോറിസ് ജോൺസന്റെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.