mc-josephine

തിരുവനന്തപുരം: 87 വയസുളള വൃദ്ധയെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ രംഗത്തെത്തി. അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുളള വസ്തുതയ്ക്ക് നിരക്കാത്ത വാർത്തകളെന്നാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നാണ് ജോസഫൈൻ പറയുന്നത്. വിളിച്ചയാളുടെ സംസാരത്തിൽ അവ്യക്തത ഉണ്ടായിരുന്നു. അതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്.വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി മാദ്ധ്യമങ്ങൾ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ ചിന്തിക്കണമെന്നും വിശദീകരണത്തിൽ ചോദിക്കുന്നു. അദ്ധ്യക്ഷയ്ക്ക് വേണ്ടി വനിതാ കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിശദീകരണമുളളത്.

വിശദീകരണത്തിന്റെ പൂർണരൂപം

വാർത്തയിൽ സൂചിപ്പിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി പി6/1080/പിറ്റിഎ/കെഡബ്ല്യൂസി/2020 നമ്പർ ആയി 2020 മാർച്ച് പത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഈ പരാതി ഈ മാസം 28-ന് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് അദാലത്തിൽ പരിഗണിക്കുന്നതിന് നേരത്തേതന്നെ നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ പരാതിക്കാരിയുടെ മകൻ നാരായണപിള്ള നൽകിയ പരാതി പി 6/588/പിറ്റിഎ/കെഡബ്ല്യൂസി/2020 ആയി 2020 ഫെബ്രുവരി ആറിന് രജിസ്റ്റർ ചെയ്തിരുന്നു. 2020 ഡിസംബർ 18-ന് അദാലത്തിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നതുമാണ്. എന്നാൽ പരാതിക്കാരായ ലക്ഷ്മിക്കുട്ടിയോ മകൻ നാരായണപിള്ളയോ ഹാജരായില്ല.

ഹാജരാകാൻ സാധിക്കുകയില്ലെന്ന വിവരം കമ്മിഷനെ രേഖാമൂലമോ ഫോൺ മുഖേനയോ അറിയിക്കുകയും ചെയ്തിട്ടില്ല. വനിതാ കമ്മിഷനിൽ സ്ത്രീകൾ നൽകുന്ന പരാതികൾ മാത്രമേ സ്വീകരിക്കൂ എന്നിരിക്കിലും വിഷയത്തിന്റെ ഗൗരവം, ലക്ഷ്മിക്കുട്ടിയമ്മയുടെ പ്രായം എന്നിവ കണക്കിലെടുത്താണ് ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ നൽകിയ പരാതി പ്രത്യേകം പരിഗണിച്ച് പെറ്റീഷൻ രജിസ്റ്റർ ചെയ്തത്. കൊറോണമൂലം അദാലത്തുകൾ വൈകാനുള്ള സാഹചര്യവുമുണ്ടായി. മാത്രവുമല്ല, ഇയാളുടെ പരാതി ക്രൈം 0022/2020/ഐപിസി 1860 വകുപ്പ് 447, 294(ബി), 323 എന്ന നമ്പറിൽ പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. പ്രതി ഇപ്പോൾ ജാമ്യത്തിലുമാണ് എന്നാണ് അറിയുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ അത് മറികടന്ന് തീരുമാനമെടുക്കാൻ കമ്മിഷന് അധികാരവുമില്ല. എന്നിരിക്കിലും പരാതി കമ്മിഷൻ പരിശോധിച്ചുവരികയായിരുന്നു.

ഈ വിഷയത്തിൽ പൊലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികൾ നടന്നുകൊണ്ടിരിക്കെ വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ വിളിച്ച്, കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യം തന്നെ ഇല്ലാത്തതാണ്. നൂറുകണക്കിന് പരാതികൾ ലഭിക്കുമ്പോൾ എല്ലാ പരാതികളും ഓർത്തുവയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഫോൺ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തതയാണ് പുതിയ പരാതിയാണെന്ന ധാരണയിൽ ഉപദേശ രൂപേണ ചെയർപേഴ്‌സൺ ചോദിച്ചത്. ആ ചോദ്യത്തിന്റെ ഉദ്ദ്യേശ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും വനിതാ കമ്മിഷന്റെതന്നെ മേൽനോട്ടത്തിൽ വാർഡ് കൗൺസിലർ അദ്ധ്യക്ഷനായി ജാഗ്രതാസമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് ആരായുകയായിരുന്നു. അതിനു പുറമേ സ്ഥലം എം എൽ എ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരിക തുടങ്ങിയ മാർഗങ്ങള്‍ സ്വീകരിച്ചിരുന്നോ എന്നുമാണ്. വനിതാ കമ്മിഷൻ കോടതിയോ പൊലീസ് സ്റ്റേഷനോ അല്ല.

പരാതി ലഭ്യമായ മാത്രയിൽ കേസ് ചാർജ് ചെയ്ത് എഫ്‌ ഐആർ രജിസ്റ്റർ ചെയ്യാനോ, ശിക്ഷ വിധിക്കാനോ അധികാരം ഉള്ള സ്ഥാപനമല്ല. കേരള വനിതാ കമ്മിഷൻ ആക്റ്റ് 1990 പ്രകാരം സംസ്ഥാപിതമായിട്ടുള്ള ഒരു അർദ്ധ ജുഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനമാണ്. പരാതികൾ രജിസ്റ്റർ ചെയ്ത് അദാലത്തിലൂടെ പരാതിക്കാർക്കും എതിർകക്ഷികൾക്കും പറയാനുള്ളതുകേട്ട് യുക്തമായ നിലപാട് സ്വീകരിക്കുകയാണ് കമ്മിഷൻ ചെയ്യുന്നത്. പൊലീസ് റിപ്പോർട്ട് തേടേണ്ടവയിൽ അപ്രകാരം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പുറമേ കൗൺസലിംഗ്, അഭയം ഏർപ്പെടുത്തൽ തുടങ്ങിയ അടിയന്തര സഹായങ്ങളും ചെയ്യും. ഇത്തരത്തിൽ ഏകദേശം 15,000 പരാതികൾക്കാണ് കഴിഞ്ഞ നാലഞ്ച് വർഷത്തിനിടയിൽ വനിതാ കമ്മിഷൻ തീർപ്പാക്കിയിട്ടുള്ളത്.

കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന്‍ മുന്നിൽ ഹാജരാകരണമെന്ന് എംസി ജോസഫൈൻ നിർബന്ധം പിടിച്ചതാണ് വിവാദമായത്. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനുനേരെ ജോസഫൈൻ ശകാരവർഷം നടത്തുകയും ചെയ്തു. കഥാകൃത്ത് ടി പത്മനാഭൻ ഉൾപ്പടെയുളളവർ എം സി ജോസഫൈനെതിരെ രംഗത്തെത്തിയിരുന്നു. കമ്മിഷൻ അദ്ധ്യക്ഷയുടെ വാക്കുകൾ പദവിക്ക് നിരക്കാത്തതാണ്. വലിയ കാറും വലിയ ശമ്പളവും നൽകി അവരെ നിയമിച്ചത് എന്തിനാണ്?. വൃദ്ധയോട് കാണിച്ചത് ക്രൂരതയാണ്. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അദ്ധ്യക്ഷ പെരുമാറിയത് എന്നായിരുന്നു പത്മനാഭന്റെ വിമർശനം.