
ഹൊസൂർ: ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിന്റെ ബ്രാഞ്ച് കൊള്ളയടിച്ചതിനുപിന്നിലെ ബുദ്ധികേന്ദ്രം 22 വയസുള്ള കോളേജ് വിദ്യാർത്ഥി. ശാഖയുടെ പ്രവത്തന രീതിയും അവിടേക്കുളള വഴികളുൾപ്പടെ എല്ലാം കൃത്യമായി പഠിച്ച് മാസങ്ങളെടുത്ത് റൂട്ട് മാപ്പടക്കം തയാറാക്കിയായിരുന്നു അണുകിട തെറ്റാതെയുളള ഓപ്പറേഷൻ. വിചാരിച്ചതുപോലെഎല്ലാം നടന്നു. വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കിയപ്പോൾ സംഘത്തിന്റെ കൈയിൽ എത്തിയത് ഇരുപത്തിയഞ്ചര കിലോ സ്വർണം.ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു ആസൂത്രണവും കൊളളയും രക്ഷപ്പെടലുമൊക്കെ.
മദ്ധ്യപ്രദേശിലെ ജബൽപൂർ സ്വദേശി രൂപ് സിംഗ് ഭാഗലാണ് കൊളളസംഘത്തിന്റെ നേതാവ്. ഇയാൾക്ക് സ്വന്തമായി കൊളളസംഘം ഉണ്ടായിരുന്നു. കൊളളയടിക്കാനുളള സ്ഥലങ്ങൾ കണ്ടെത്തുന്നത് ഇയാളായിരുന്നു.വൻ കൊളളയ്ക്ക് ഏറ്റവും യോജിച്ച സ്ഥലം കണ്ടെത്താനായി ബംഗളൂരിലെത്തിയ രൂപ് സിംഗ് മൂന്നുമാസമാണ് ഇവിടെ തങ്ങിയത്. ഇതിനിടയിലാണ് കൊളളയ്ക്കായി ഹെസൂരിലെ മുത്തൂറ്റ് ശാഖ തിരഞ്ഞെടുത്തത്. ഈ ശാഖതന്നെ തിരഞ്ഞെടുക്കാൻ രൂപ് സിംഗിനെ പ്രേരിപ്പിച്ചതിനുപിന്നിലെ കാരണം എന്താണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾ പൊലീസിന്റെ പിടിയിലായെന്നാണ് റിപ്പോർട്ട്.

ശാഖയിലെത്തിയ രൂപ് സിംഗ് അവിടത്തെ സ്ഥിതിഗതികളൊക്കെ വ്യക്തമായി പഠിച്ചു. തുടർന്ന് മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു. റൂട്ട മാപ്പ് തയ്യാറാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഓപ്പറേഷൻ പരാജയപ്പെടാനിടയുളള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കി. ചെറിയ പഴുതുകൾ പോലും അടച്ചു ഒടുവിൽ കൊളളയടി നടത്താനുളള ദിവസമെത്തി. മുൻ നിശ്ചയിച്ച പ്രകാരം മൂന്നു ബൈക്കുകളിലായി ആറു പേരാണ് കൊളളയ്ക്കായി ബാങ്കിൽ എത്തിയത്. ഇതിൽ രണ്ടുപേർക്ക് കാവൽ ഡ്യൂട്ടിയായിരുന്നു. നിറതോക്കുമായി ഇവർ പുറത്ത് കാവൽ നിന്നു.. നാലുപേർ ആയുധങ്ങളുമായി ബാങ്കിനുളളിൽ കയറി. പിന്നെയെല്ലാം ഞൊടിയിടയ്ക്കുളളിലായിരുന്നു. രണ്ടുപേർ ആയുധം കാട്ടി ജീവനക്കാരെ ബന്ദികളാക്കി. ശേഷിച്ചവർ മാനേജറെകൊണ്ട് ലോക്കർ തുറപ്പിച്ചു. എതിർത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയോടെ മാനേജർ എല്ലാം അനുസരിച്ചു മിനിട്ടുകൾക്കുളളിൽ സ്വർണവും പണവും വാരിക്കൂട്ടി സംഘം വന്ന ബൈക്കുകളിൽ തന്നെ മടങ്ങി.ഇതിനെല്ലാത്തിനും കൂടി വേണ്ടിവന്നത് വെറു 15 മിനിട്ടുമാത്രം.
കൊളളമുതലുമായി ബൈക്കിൽ സഞ്ചരിക്കുന്നത് പിടിക്കപ്പെടാൻ എളുപ്പമായതിനാൽ തമിഴ്നാട്– കർണാടക അതിർത്തിയിൽ ബൈക്കുകൾ ഉപേക്ഷിച്ചു. ഇവിടെ ഒരു ലോറിയും സുമോയും നേരത്തെ തന്നെ തയാറാക്കി നിറുത്തിയിരുന്നു. ലോറിയുടെ രഹസ്യ അറയിലേക്കു സ്വർണം മാറ്റി. ലോറിയും സുമോയും നേരെ ജാർഖണ്ഡിലേക്ക് പാഞ്ഞു.

സ്വർണം അടങ്ങിയ ബാഗുകളിലുണ്ടായിരുന്ന ജി പി എസ് സംവിധാനമാണ് കൊളളസംഘത്തിനെ കുടുക്കിയത്. ഇതിൽ നിന്ന് ഹൈദരാബാദ് ഭാഗത്തേക്കാണ് കൊള്ളക്കാർ പോകുന്നതെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് ഇവരെ പിടികൂടാനുളള ഊർജിത നടപടികൾ പൊലീസ് ആരംഭിച്ചു. ടോൾ പ്ലാസകളിൽ നിന്ന് ലോറിയുടെയും സുമോയുടെയും നമ്പറുകൾ കണ്ടെത്തി. അതോടെ പിടികൂടാനുളള നടപടികൾ കൂടുതൽ എളുപ്പമായി. വിവരം ഉടൻതന്നെ ഹൈദരാബാദ് പൊലീസിന് കൈമാറി. സൈദരാബാദ് കമ്മീഷണറുടെ നേതൃത്വത്തിൽ 200 ലേറെ സായുധപൊലീസുകാരെ രംഗത്തിറക്കി. ഷംസാദ്ബാദിനടുത്തുള്ള തൊണ്ടപ്പള്ളി ടോൾ ഗേറ്റിൽ നിന്ന് സുമോയും അഞ്ചു പേരെയും പിടികൂടി. മറ്റൊരു ടോൾ പ്ലാസയിൽ നിന്ന് ലോറിയും കസ്റ്റഡിയിലെടുത്തു.
കവർന്ന 25.5 കിലോ സ്വർണവും ഏഴു തോക്കുകളും 86 തിരകളും പിടികൂടിയിട്ടുണ്ട്. കേസിൽ ഇതുവരെ ഏഴുപേരെയാണ് പിടികൂടിയത്.രണ്ടുപേർക്കുവേണ്ടി തിരച്ചിലാരംഭിച്ചു. ഇവർ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.