1921ലെ മലബാർ കലാപത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന മമധർമ്മയുടെ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് സംവിധായകൻ അലി അക്‌ബർ. സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരി 20ന് ആരംഭിക്കുകയാണെന്നും, മലയാള സിനിമയിലെ പ്രഗത്ഭന്മാർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. ഷൂട്ടിംഗിന് വേണ്ടിയുള്ള സാമഗ്രികളെല്ലാം തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതികമായി എന്തെങ്കിലും പ്രതിസന്ധിയുണ്ടായാൽ അത് പരിഹരിച്ച് മുന്നോട്ടുപോകാനുള്ള കരുത്ത് ഇന്ന് 'മമധർമ്മ'യ്‌ക്കുണ്ടെന്നും അലി അക്‌ബർ പറയുന്നു.
അലി അക്‌ബറിന്റെ വാക്കുകൾ-
''സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരി 20ന് ആരംഭിക്കുകയാണ്. ഫെബ്രുവരി 2ന് കോഴിക്കോട് വച്ചു സ്വിച്ച് ഓണും സോംഗ് റിലീസും നടക്കും. മൂന്ന് ഷെഡ്യൂളായിട്ടാണ് സിനിമ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഷെഡ്യൂൾ വയനാട് ആയിരിക്കും. നടീനടന്മാരെ സമീപിച്ചപ്പോൾ ഇരുകൈയും നീട്ടിയാണ് അവർ സ്വീകരിച്ചത് എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അഭിനേതാക്കൾ ആരൊക്കെയെന്ന് ഇപ്പോൾ പറയുന്നില്ല. മലയാളത്തിലെ പ്രഗത്ഭരായിട്ടുള്ള ആളുകൾ തന്നെയാണ് അഭിനയിക്കുന്നത്. അഡ്വാൻസും കൊടുത്തു കഴിഞ്ഞു.
ആദ്യഷെഡ്യൂളിനുവേണ്ടിയുള്ള സാമ്പത്തികം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും, ഷൂട്ടിംഗിന് വേണ്ടിയുള്ള സാമഗ്രികളെല്ലാം തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതികമായി എന്തെങ്കിലും പ്രതിസന്ധിയുണ്ടായാൽ അത് പരിഹരിച്ച് മുന്നോട്ടുപോകാനുള്ള കരുത്ത് ഇന്ന് 'മമധർമ്മ'യ്‌ക്കുണ്ട്. സിനിമ തുടങ്ങുമോയെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ എല്ലാം ഭംഗിയായി അവസാനിക്കുമെന്ന ഉറപ്പ് എനിക്കുണ്ട്.
151 സീനുകളോളമുള്ള വലിയ സിനിമയാണ് മമധർമ്മ. സിനിമയുടെ കണക്ക് ചോദിക്കാൻ ക്യൂ നിൽക്കുന്നവരോട് ഒന്നേപറയാനുള്ളൂ, ഓരോ മാസത്തെ കണക്കും കൃത്യമായി സർക്കാരിലേക്ക് പോകുന്നുണ്ട്. പ്രോജക്‌ടിനെ തകർക്കാനായി ഒരുപാട് ശ്രമങ്ങൾ നടന്നു. അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ടു പോയത്'.