oommen-chandy-and-chennit

കോട്ടയം: ഉമ്മൻചാണ്ടി​യും പ്രതി​പക്ഷ നേതാവ് രമേശ് ചെന്നി​ത്തലയും ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷനെ കണ്ട് ചർച്ച നടത്തി​. ഇരുവരും ദേവലോകം അരമനയിൽ എത്തി​യാണ് കൂടിക്കാഴ്ച നടത്തി​യത്. ഇന്നുരാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ കൂടി​ക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മാദ്ധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായി​ട്ടായി​രുന്ന ഇരുവരും എത്തി​യത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎയും ഒപ്പമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിൽ പിന്തുണതേടിയാണ് ഇരുവരും എത്തിയതെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സൗഹൃദ സന്ദർശനം എന്നനിലയിലാണ് പ്രതികരണം വന്നിട്ടുളളത്. സഭാ തർക്കവിഷയത്തിൽ ഇടപെടലിനാേ പരസ്യപ്രതികരണത്തിനോ കോൺഗ്രസ് ഇതുവരെ മുതിർന്നിരുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇതിന് വലിയ വിലകൊടുക്കേണ്ടിവന്നു. ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പളളിയിൽ ഉൾപ്പടെ കോൺഗ്രസിന് കാലിടറിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാവാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും ഉമ്മൻ ചാണ്ടി പ്രചാരണവിഭാഗം തലവനായതിനുശേഷം.

സഭാ തർക്ക വിഷയത്തിൽ ഇടപെട്ട് ക്രിസ്തുമത വിശ്വാസികൾക്കിടയിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാൻ ബി ജെ പി നേരത്തേ ശ്രമങ്ങൾ തുടങ്ങിയിരുന്നു. തർക്കം പരിഹരിക്കാൻ മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിളളയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ഇത് ലക്ഷ്യംവച്ചുളളതാണെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യമെല്ലാം മനസിലാക്കിയാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇന്ന് സഭാ ആസ്ഥാനത്ത് തിരക്കിട്ടെത്തിയത്.