മോസ്കോ: പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യയിൽ ബഹുജന പ്രതിഷേധം. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സംഘടിപ്പിച്ച റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തെന്നാണ് വിവരം.
മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.വെള്ളകുപ്പികളും മുട്ടകളും പെയിന്റും പൊലീസിന് നേരെ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു.സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3,300 പേരെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ.നഗരങ്ങളിലും 70 പട്ടണങ്ങളിലുമാണ് പ്രതിഷേധ റാലികൾ നടന്നത്.
മോസ്കോയിലെ പുഷ്കിൻസ്കിയ സ്ക്വയറിൽ മാത്രം 4000 പേർ സംഘടിച്ചെന്ന് പൊലീസ് അറിയിച്ചു. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ കടുത്ത വിമർശകനായ നവൽനിയെ ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ജർമ്മനിയിൽ ചികിത്സയിലായിരുന്ന നവൽനി മാസങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. പ്രൊബേഷൻ കാലാവധിയിലെ നിയമ ലംഘനങ്ങൾക്കാണ് അറസ്റ്റെന്നാണ് പൊലീസ് ഭാഷ്യം.
അറസ്റ്റ് ചെയ്യപ്പെടുമെന്ന് സൂചനകളുണ്ടായിട്ടും വകവെക്കാതെ പോബിഡ എയർലൈൻസ് വിമാനത്തിൽ യാത്ര പുറപ്പെടുകയായിരുന്നു നവൽനി.
മോസ്കോ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ നവൽനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.