la-liga

റയൽ മാഡ്രിഡ് 4-1ന് ഡീപോർട്ടീവോ അലാവേസിനെ തോൽപ്പിച്ചു

40 പോയിന്റുമായി റയൽ ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത്

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഡീപോർട്ടീവോ അലാവേസിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് 40 പോയിന്റുമായി പട്ടികയിൽ രണ്ടാമതെത്തി.

മികച്ച ഫോമിൽ തുടരുന്ന കരിം ബെൻസേമയുടെ ഇരട്ട ഗോളുകളും കാസിമെറോ ഏദൻ ഹസാഡ് എന്നിവരുടെ ഇരട്ടഗോളുകളുമാണ് റയലിന് വിജയം നൽകിയത്. കൊവിഡ് ബാധിതനായ കോച്ച് സിനദിൻ സിദാൻ റയലിനാെപ്പമുണ്ടായിരുന്നില്ല. 15-ാം മിനിട്ടിൽ ടോണി ക്രൂസ് എടുത്ത കോർണർ കിക്കിൽ നിന്ന് തകർപ്പനൊരു ഹെഡറിലൂടെ കാസിമെറോയാണ് റയലിനായി ആദ്യ ഗോൾ നേടിയത്.41-ാം മിനിട്ടിൽ ഹസാഡിന്റെ ക്രോസിൽ നിന്ന് ബെൻസേമ തന്റെ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടോണി ക്രൂസിന്റെ പാസിൽ നിന്ന് ഹസാഡും സ്കോറും ചെയ്തതോടെ റയൽ 3-0ത്തിന് ലീഡു ചെയ്തു. 59-ാം മിനിട്ടിൽ ഹൊസേലു അലാവേസിനുവേണ്ടി സ്കോർ ചെയ്തു. 70-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ചിന്റെ പാസിൽ നിന്നാണ് ബെൻസേമ തന്റെ രണ്ടാം ഗോൾ നേടിയത്.

17മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത്. റയൽ 19 മത്സരങ്ങളിൽ നിന്നാണ് 40 പോയിന്റ് നേടിയിരിക്കുന്നത്. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ 3-0ത്തിന് കാഡിസിനെ തോൽപ്പിച്ച സെവിയ്യ 19 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുമായി മൂന്നാമതുണ്ട്. 18 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ബാഴ്സലോണയാണ് നാലാം സ്ഥാനത്ത്.