tractor-rally-

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിക്ക് ഡൽഹി പൊലീസിന്റെ അനുമതി. സമരക്കാർക്ക് ഡൽഹി നഗരത്തിൽ പ്രവേശിക്കാമെന്നും റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കരുതെന്നും ഡൽഹി പൊലീസ് നിർദേശിച്ചു.. രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം 11.30ഓടെ മാത്രമേ ട്രാക്ടർ റാലി നടത്താൻ പാടുള്ളൂ എന്നും നിർദേശമുണ്ട്.

ഡൽഹി അതിർത്തിക്കു പുറത്ത് സമരം തുടരുന്ന കർഷകർക്ക് നഗരത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയതായി പോലീസ് വ്യക്തമാക്കി. നഗരത്തിൽ ഏതാനും കിലോമീറ്ററുകൾ മാത്രം പ്രവേശിക്കാനാണ് അനുമതി ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് സമരക്കാർ ഡൽഹി പൊലീസിന് സമർപ്പിച്ചിരുന്നു. പൊലീസും സമരക്കാരുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കർഷകർ പൊലീസിന് ഉറപ്പു നൽകിയിട്ടുണ്ട്.

ശക്തമായ പൊലീസ് സന്നാഹമാണ് ട്രാക്ടർ റാലിയോടനുബന്ധിച്ച് ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാർതന്നെ ട്രാക്ടർ റാലിക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടു പരിപാടികൾക്കും തയ്യാറാകണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.