
ചെന്നൈ : ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നെറ്റ്സിൽ പന്തെറിയാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളി പേസർ സന്ദീപ് വാര്യരെ ഇപ്പോൾ വിട്ടുകൊടുക്കാനാവില്ലെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ചേക്കേറിയ സന്ദീപ് ഇപ്പോൾ സെയ്ദ് മുഷ്താഖ് ട്രോഫിയിൽ കളിക്കുകയാണ്. അത് കഴിഞ്ഞ ശേഷം സന്ദീപിനെ വിട്ടുതരാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.
ആദ്യ രണ്ട് ടെസ്റ്റുകൾ ചെന്നൈയിലാണ് നടക്കുന്നത്. അടുത്ത മാസം നടക്കുന്ന ആദ്യ ടെസ്റ്റിനായി ഇന്ത്യൻ ടീം ബുധനാഴ്ച ചെന്നൈയിലെത്തി ബയോ സെക്യുവർ ബബിളിൽ ഒരാഴ്ച കഴിയും. ജനുവരി 31നാണ് മുഷ്താഖ് ട്രോഫി ഫൈനൽ. അത് കഴിഞ്ഞ് ഇന്ത്യൻ ടീമിന്റെ ബയോ ബബിളിലേക്ക് സന്ദീപിനെ വിട്ടുകൊടുക്കാനാണ് തമിഴ്നാടിന്റെ പദ്ധതി. മുഷ്താഖ് ട്രോഫിയിൽ ഗ്രൂപ്പ് റൗണ്ടിലെ അഞ്ചു മത്സരങ്ങളിലും തമിഴ്നാട് ജയിച്ചിരുന്നു. ഈ അഞ്ചു മത്സരങ്ങളിലും കളിച്ച സന്ദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തിയിരുന്നു.