തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിലെ സഹപ്രവർത്തകരുടെ മുന്നിൽവച്ച് സ്ഥിരജീവനക്കാരിയെ താത്കാലിക ജീവനക്കാരൻ തെറിവിളിച്ച സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഈ മാസം ഏഴിനാണ് കൗൺസിലിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ അനിഷ്ടസംഭവം അരങ്ങേറിയത്. ജീവനക്കാരി കൗൺസിൽ പ്രസിഡന്റിനും സെക്രട്ടറിക്കും അന്നുതന്നെ പരാതി നൽകിയിരുന്നെങ്കിലും അത് പൊലീസിലേക്ക് കൈമാറിയിരുന്നില്ല.വനിതകൾക്ക് നേരേയുളള അതിക്രമം തടയാനുള്ള കമ്മിറ്റിയും കൗൺസിലിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് നേരിട്ട് പൊലീസിൽ പരാതി നൽകിയത്.
അതേസമയം പരാതി നൽകിയ ജീവനക്കാരിയെ സ്ഥലം മാറ്റി ശിക്ഷിക്കാനുള്ള ഉന്നതതല ഗൂഡനീക്കം കൗൺസിലിൽ നടക്കുന്നുണ്ട് കഴിഞ്ഞ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ജീവനക്കാരിയെ സ്ഥലം മാറ്റണമെന്ന് പ്രസിഡന്റ് ആവശ്യമുയർത്തിയെങ്കിലും സെക്രട്ടറിയും ചില സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളും എതിർത്തു. പരാതിക്കാരിയെ മാനസികമായി തളർത്താനുള്ള നീക്കം നടക്കില്ലെന്ന മുന്നറിയിപ്പുമായി ജീവനക്കാരുടെ സംഘടനയും വിഷയം ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം പരാതിയിൽനിന്ന് പിന്മാറണമെന്ന് കൗൺസിൽ പ്രസിഡന്റ് തന്നോട് ആവശ്യപ്പെട്ടതായും തന്റെ പരാതി പൊലീസിലേക്ക് കൈമാറാതെ ആരോപണവിധേയന് മെമ്മോ നൽകി ഒതുക്കാനുള്ള ഗൂഡാലോചന നടക്കുന്നതായും തെറിവിളി കേൾക്കേണ്ടിവന്ന ജീവനക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.