ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ കണ്ടെത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. പാക്കിസ്ഥാനാണ് വ്യാജ ട്വിറ്ററുകൾക്ക് പിന്നിലെന്നാണ് ഇന്റലിജൻസിന്റെയും അന്വേഷണ ഏജൻസികളുടെയും റിപ്പോർട്ട്. റിപ്പബ്ലിക്ക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലിയെ സംഘടിതമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്. ഇതിനായി ഈ അക്കൗണ്ടുകളിൽ നിന്ന് സ്പർദ്ധയുളവാക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യപ്പെടുന്നുവെന്നാണ് കണ്ടെത്തൽ.
പാകിസ്താനില്‍ നിന്നുള്ള 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടര്‍ റാലിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികൾ അറിയിച്ചതായി ഡല്‍ഹി പൊലീസ് ഇന്റലിജന്‍സ് വിഭാഗം കമ്മീഷണര്‍ ദേപേന്ദ്ര പതക് പറഞ്ഞു. ജനുവരി 13നും 18നും ഇടയില്‍ പാകിസ്ഥാനില്‍നിന്ന് നിര്‍മിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 26ന് നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഡൽഹി പൊലീസിൽ നിന്ന് കർഷകർക്ക് ട്രാക്ടർ റാലിക്കായി മുൻകൂർ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ നിയമ വ്യവസ്ഥകൾ പാലിച്ചാകണം റാലിയെന്ന് പ്രത്യേക താക്കീതും കർഷകർക്കുണ്ട്. സിംഗു, ഗാസിപൂർ അതിർത്തികൾ വഴി ഡൽഹിയിലേക്ക് കർഷകർക്ക് പ്രവേശിക്കാനുളള അനുമതിയാണ് പൊലീസ് നൽകിയിരിക്കുന്നത്.