ന്യൂഡൽഹി: വിവസ്ത്രയാക്കാതെയും ചർമത്തിൽ തൊടാതെയും ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമർശവുമായി ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാല അദ്ധ്യക്ഷയായ സിംഗിൾ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പന്ത്രണ്ടുകാരിയെ സതീഷ് എന്ന 39 കാരനായ അയൽവാസി ഷാൾ മാറ്റി മാറിടത്തിൽ സ്പർശിച്ച കേസ് പരിഗണിക്കവെയാണിത്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത കീഴ്ക്കോടതി പ്രതിയെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 , 342വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു.
സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് ബോബെ ഹൈക്കോടതി നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രം മാറ്റി ശരീരത്തിൽ സ്പപർശിക്കണമായിരുന്നു. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈഗികാതിക്രമമല്ല. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിന്റെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവത്തിൽ തൊടുവിക്കുകയോ ചെയ്താൽ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് ജഡ്ജി വ്യാഖ്യാനിച്ചത്. പ്രതിക്ക് പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷയ്ക്കും വിധിച്ചു. ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് മൂന്നു വർഷത്തെ തടവുശിക്ഷ ലഭിച്ചേനെ.